ഷേര്‍ അലി അഫ്രിദി


ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു വൈസ്രോയി മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ. മേയോ പ്രഭു. 142- കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ ആന്തമാന്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട്‌ബ്ലയര്‍ തുറമുഖ നഗരത്തിലെ ചെറിയ കുന്നിന്‍മുകളില്‍ വെച്ച്‌ രാജ്യത്തെ ഏറ്റവും വലിയ ബ്രിട്ടീഷ്‌ അധികാരിയെ കഠാര കൊണ്ട്‌ കുത്തിക്കൊന്നത്‌ ഷേര്‍ അലിയായിരുന്നു.

ബ്രിട്ടീഷ്‌-ഇന്ത്യാ ചരിത്രത്തിലെ പ്രധാന വൈസ്രോയിയായിരുന്നു മേയോ പ്രഭു. ഐറിഷ്‌ പ്രഭു കുടുംബത്തില്‍ പിറന്ന റിച്ചാര്‍ഡ്‌ സൗത്ത്‌വെല്‍ ബര്‍ക്ക്‌ എന്ന മേയോ പ്രഭു നാല്‍പ്പത്തിയാറാം വയസ്സിലാണ്‌ 1868ല്‍ ഇന്ത്യയില്‍ വൈസ്രോയിയായത്‌. 1857ലെ സ്വാതന്ത്ര്യ സമരത്തിന്‌ പതിനൊന്ന്‌ വര്‍ഷം തികയുമ്പോള്‍ പുതിയ വൈസ്രോയിയായി മേയോ ചുമതലയേറ്റു. അയര്‍ലണ്ടിലെ വിവിധ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ച പ്രമുഖ ബ്രിട്ടീഷ്‌ പാര്‍ലമെന്റേറിയനായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ്‌ സാമ്രാജ്യത്വം നടത്തിയ എല്ലാ മര്‍ദനങ്ങള്‍ക്കും നിഷ്‌ഠൂര വാഴ്‌ചയ്‌ക്കും പ്രധാന ഉത്തരവാദി ഉന്നത ഭരണാധികാരിയായ വൈസ്രോയി ആയതിനാല്‍ അയാളുടെ വധംതന്നെയാണ്‌ അധികാര ഹുങ്കിനുള്ള ഏറ്റവും നല്ല മറുപടിയെന്ന്‌ തീരുമാനിച്ച ധീരനായ സ്വാതന്ത്ര സമരപോരാളായിരുന്നു ഷേര്‍ അലി അഫ്രിദി .ലക്ഷക്കണക്കിന്‌ ഇന്ത്യന്‍ പൗരന്മാരെ കൊന്നുതള്ളിയ വെള്ളക്കാരന്‍റെ അഹന്തക്കേറ്റ വലിയൊരു മുറിവായി, ഷേര്‍ അലിയുടെ ആ തീരുമാനം ബാക്കിയാവുകയും ചെയ്‌തു. ഷേര്‍ അലിയെ മറച്ചുപിടിച്ചാല്‍ വൈസ്രോയി വധം എന്ന വലിയൊരു മുറിവിനെയും മറച്ചുപിടിക്കാം എന്ന്‌ വെള്ളപ്പട്ടാളത്തിന്‍റെ ലളിതയുക്തി ചിന്തിച്ചതും അതിനാല്‍ തന്നെയാകാം. പക്ഷേ, സ്വാതന്ത്ര്യമുള്ളൊരു ജന്മരാജ്യത്തെ സ്വപ്‌നം കണ്ട്‌ ചടുല യൗവനത്തിന്‍റെ ചുടുചോര ചിതറി കടന്നുപോയ ഇങ്ങനെയൊരു ചുണക്കുട്ടിയെ നമുക്ക്‌ മറക്കരുതല്ലോ.

ബംഗാള്‍ ഉള്‍ക്കടലില്‍ പലയിടങ്ങളായി ചിതറിക്കിടന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഇന്ത്യയില്‍ നിന്ന്‌ നാടുകടത്തിയ രാഷ്‌ട്രീയത്തടവുകാരുടെ സങ്കേതമായിരുന്നു. ശിപായി ലഹളയെന്ന്‌ ചാപ്പകുത്തിയ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ പോരാളികളില്‍ അധികവും `രാജ്യദ്രോഹികളായി' ഈ ദ്വീപുകളിലെ ജയിലുകളിലാണ്‌ ദുരിതജീവിതം നയിച്ചത്‌. ദുരന്തനിര്‍ഭരമായിരുന്നു ആ ജയില്‍ജീവിതം.
ആയിരത്തില്‍ നൂറ്റിയൊന്നുപേര്‍ എന്ന കണക്കിന്‌ മലമ്പനികൊണ്ട്‌ മരിച്ചുവീണു. മലമ്പനിക്ക്‌ യാതൊരു പ്രതിരോധ നടപടികളും സ്വീകരിക്കാതിരുന്ന ബ്രിട്ടീഷ്‌ അധികാരികളില്‍ നിന്ന്‌ വ്യത്യസ്‌തനായിരുന്നു വൈസ്രോയി മേയോ പ്രഭു. ജയിലിലെ കാട്ടുനീതിക്ക്‌ പകരം പുതിയ ജയില്‍ചട്ടങ്ങള്‍ കൊണ്ടുവന്നത്‌ അദ്ദേഹമായിരുന്നു. തടവുകാരെ അന്തമാന്‍ ദ്വീപുകളിലെ കുടിയേറ്റക്കാരായി നിലനിര്‍ത്തുക എന്ന ദുരുദ്ദേശ്യം അതിനു പിന്നിലുണ്ടായിരുന്നെങ്കിലും രോഗദുരിതത്തിന്‌ താല്‍ക്കാലിക വിരാമമിടാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. കൃഷി, കന്നുകാലി വളര്‍ത്തല്‍, നെയ്‌ത്ത്‌, മരപ്പണി തുടങ്ങിയവയെല്ലാം തടവുകാരെ പഠിപ്പിച്ചിരുന്നു. ഇവയ്‌ക്കു വേണ്ടി പുതിയ ജയില്‍ ചട്ടങ്ങള്‍ മേയോ പ്രഭു എഴുതിയുണ്ടാക്കി. ഇവ നടപ്പിലാക്കാന്‍ ജനറല്‍ സ്റ്റിവര്‍ട്ടിനെ അങ്ങോട്ടയച്ചതും വൈസ്രോയി തന്നെ.
ദൃഢനിശ്ചയവും ത്യാഗസന്നദ്ധതയും കൈമുതലുള്ള ഇന്ത്യന്‍ തടവുകാരെ മെരുക്കിയെടുക്കാന്‍ വേഗത്തിലാകുമായിരുന്നില്ല. ജീവനെക്കാള്‍ പ്രധാനമായി സ്വാതന്ത്ര്യത്തെ സ്വപ്‌നം കണ്ടവര്‍, തടവറയില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള പല പഴുതുകള്‍ തേടിക്കൊണ്ടിരുന്നു. ഓടങ്ങളുണ്ടാക്കി കടലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചവരെയെല്ലാം അധികാരികള്‍ തൂക്കിലേറ്റി. രക്ഷപ്പെട്ട ചിലര്‍, അന്തമാനിലെ ആദിവാസികളെ സംഘടിപ്പിച്ച്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ വിപ്ലവത്തിന്‌ ശ്രമിച്ചുവെങ്കിലും അധികാരികളുടെ വമ്പന്‍ ശക്തിക്കു മുമ്പില്‍ അതെല്ലാം നിഷ്‌പ്രഭമായി. നഗ്‌നരും അപരിഷ്‌കൃതരുമായ ആദിവാസികളുടെ അമ്പിനും വില്ലിനും ബ്രിട്ടീഷുകാരുടെ തോക്കിനു മുന്നില്‍ തലകുനിക്കാനേ കഴിഞ്ഞുള്ളൂ. കല്‍ക്കത്ത തുറമുഖത്തുനിന്ന്‌ 950 കിലോമീറ്റര്‍ അകലെയാണ്‌ ആന്തമാന്‍ ദ്വീപുകള്‍. ഇത്രയും ദൂരം നീന്തി രക്ഷപ്പെടുക എന്നതും ദുഷ്‌കരമായിരുന്നു. കരുത്തരും ധീരരുമായ എത്രയോ പോരാളികള്‍ ആ ദ്വീപുകളുടെ ഇരുണ്ട അറകളില്‍ എരിഞ്ഞുതീര്‍ന്നു. അക്കാരണത്താല്‍ തന്നെയാണ്‌ തടവുകാരുടെ വിശ്വാസം നേടിയെടുക്കാന്‍ ജയില്‍ചട്ടങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ മേയോ പ്രഭു ശ്രമം തുടങ്ങിയത്‌.
ഇവ പ്രാവര്‍ത്തികമാക്കാന്‍ നിയോഗിക്കപ്പെട്ട ജനറല്‍ സ്റ്റിവര്‍ട്ട്‌, തന്‍റെ കര്‍മപരിപാടികള്‍ നേരിട്ടുകാണാന്‍ വൈസ്രോയിയെ അങ്ങോട്ട്‌ ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ച മേയോ പ്രഭു 1872 ജനുവരി 24ന്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന കല്‍ക്കത്തയില്‍ നിന്ന്‌ രണ്ട്‌ ആവിക്കപ്പലുകളില്‍ വന്‍ സംഘത്തോടൊപ്പം ആന്തമാനിലേക്ക്‌ പോയി. സന്ദര്‍ശനം വേഗത്തില്‍ പൂര്‍ത്തിയാക്കി കല്‍ക്കത്തയിലേക്ക്‌ മടങ്ങാനായിരുന്നു പദ്ധതി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം ശക്തമായ സ്വാതന്ത്ര്യസമരം നടക്കുന്ന കാലമായിരുന്നു അത്‌.
അതീവ ജാഗ്രതയുള്ള സുരക്ഷയായിരുന്നു വൈസ്രോയിക്ക്‌ ആന്തമാനിലുണ്ടായിരുന്നത്‌. ശിക്ഷ ഇളവു ലഭിക്കാന്‍ വൈസ്രോയിയെ കാണാനെത്തുന്ന തടവുകാര്‍ അദ്ദേഹത്തെ ഉപദ്രവിക്കുമോ എന്നുപോലും മുന്നില്‍ കണ്ട്‌ തടവുകാരെയൊന്നും പുറത്തുവിട്ടിരുന്നില്ല. സായുധപ്പോലീസിന്‍റെ അകമ്പടിയോടെയായിരുന്നു വൈസ്രോയിയുടെ ഓരോ ചലനവും. ഫെബ്രുവരി എട്ടിന്‌ വൈകുന്നേരമാണ്‌ സന്ദര്‍ശനം പൂര്‍ത്തിയാക്കി കപ്പല്‍ കേറാന്‍ നിശ്ചയിച്ചിരുന്നത്‌. മടങ്ങുംമുമ്പ്‌ ചെറിയൊരു കുന്നിന്‍മുകളില്‍ കയറിനിന്ന്‌ ബംഗാള്‍ ഉള്‍ക്കടലില്‍ അസ്‌തമിക്കുന്ന സൂര്യദൃശ്യം കാണാന്‍ അദ്ദേഹം ആഗ്രഹം പറഞ്ഞു. ആ ദിവസത്തെ സൂര്യനോടൊപ്പം അന്‍പതുവര്‍ഷത്തെ തന്റെ ആയുസ്സും അവിടെ അസ്‌തമിക്കുമെന്ന്‌ വെറുതെപോലും വിചാരിക്കേണ്ട യാതൊരു സാഹചര്യവും അവിടെയുണ്ടായിരുന്നില്ല. ഭാര്യയും ഉദ്യോഗസ്ഥരും കപ്പല്‍ തട്ടില്‍ വൈസ്രോയിയെ കാത്തുനിന്നു. അസ്‌തമനം കണ്ണുനിറയെ കണ്ട്‌ തിരിച്ചു നടക്കുമ്പോള്‍, വെളിച്ചം മങ്ങിത്തുടങ്ങിയ ആ നിമിഷത്തില്‍ ശക്തമായ അലര്‍ച്ചയോടെ ഒരാള്‍ അദ്ദേഹത്തിന്‌ മേല്‍ ചാടിവീണ്‌, കഠാരകൊണ്ട്‌ ആഴത്തിലുള്ള രണ്ട്‌ കുത്ത്‌! പരിഭ്രാന്തിയോടെ നിലവിളിച്ച വൈസ്രോയി തളര്‍ന്നുവീഴാതിരിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. പിന്നില്‍ നിന്നുള്ള രണ്ട്‌ കുത്തുകളും മാറിലേക്ക്‌ തുളഞ്ഞു കയറിയിരുന്നു. തളര്‍ന്നുവീണ അദ്ദേഹത്തെ കപ്പല്‍ത്തട്ടിലേക്ക്‌ ശരവേഗത്തില്‍ ചികിത്സ നടത്താനെടുത്തെങ്കിലും അപ്പോഴേക്ക്‌ മരിച്ചുകഴിഞ്ഞിരുന്നു.
കൊലയാളി രക്ഷപ്പെടാന്‍ ശ്രമിക്കാതെ രണ്ട്‌ കൈകകളും നീട്ടിനിന്നു. വൈസ്രോയിയുടെ അംഗരക്ഷകര്‍ അയാളെ വരിഞ്ഞുകെട്ടി കപ്പല്‍ത്തട്ടിലേക്ക്‌ വലിച്ചുകൊണ്ടുവന്നു. ഭാവഭേദങ്ങളില്ലാതെ ചുളിഞ്ഞ നെറ്റിയും കൂര്‍ത്ത കണ്ണുകളുമായി നിന്ന ആ ഇരുപത്തഞ്ചുകാരന്‍ അവിടെ കൂടിനിന്നവരെയെല്ലാം വിഭ്രമിപ്പിച്ചു. എന്തിനുവേണ്ടിയാണ്‌ കൊല നടത്തിയതെന്ന്‌ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരുടെ ചോദ്യത്തിനുള്ള അയാളുടെ മറുപടി ദൃഢസ്വരത്തിലായിരുന്നു:
`സര്‍വശക്തനായ അല്ലാഹുവിന്റെ നിര്‍ദേശമുള്ളതുകൊണ്ട്‌'
ചരിത്രത്തില്‍ അവ്യക്തതയുടെ പൊടിപടലങ്ങള്‍ക്കിടയിലാണ്‌ ഷേര്‍ അലിയുടെ ചിത്രം. ബ്രിട്ടീഷ്‌ ചരിത്രങ്ങളെല്ലാം `അതിനീചനായ കൊലപാതകി'യായി ഷേര്‍ അലിയെ എഴുതിത്തള്ളുന്നു. നേരത്തെ ഒരു കൊലപാതകം നടത്തിയതിനാലാണ്‌ ഇയാളെ തടവിലിട്ടത്‌ എന്നാണ്‌ ബ്രിട്ടീഷ്‌ ചരിത്രം. അതിന്‌ വ്യക്തമായ തെളിവുകളുടെ പിന്‍ബലമില്ലാത്തതിനാല്‍ വധശിക്ഷയ്‌ക്ക്‌ പകരം ജീവപര്യന്തം തടവായി ഇളവുചെയ്‌ത്‌ ആന്തമാനിലേക്ക്‌ നാടുകടത്തിയെന്നും പറയുന്നു. കടുത്ത മാനസിക രോഗിയായ ഷേര്‍ അലി രോഗത്തിന്റെ തന്നെ ഭാഗമായാണ്‌ വൈസ്രോയിയെ കൊന്നതെന്നും കണക്കിലെഴുതുന്നു. ഇക്കാരണത്താല്‍ തന്നെയാവാം കൂടുതല്‍ വിസ്‌തരിച്ച അന്വേഷണത്തിന്‌ പിന്നീടുള്ള ചരിത്രകാരന്മാരും മുതിര്‍ന്നില്ല. കൃത്രിമ ചരിത്രത്തിന്റെ മറകള്‍ക്കു പിന്നിലേക്ക്‌ ഒളിഞ്ഞുനോക്കിയാല്‍ `നീചനായ കൊലയാളി'യെ ധീരനായ ദേശാഭിമാനിയായി നമുക്ക്‌ വായിച്ചെടുക്കാം.
കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നറിയാന്‍ അധികാരികള്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. ജയിലിനുള്ളിലോ പുറത്തോ ഷേര്‍ അലിക്ക്‌ ആരുടെയൊക്കെ സഹായങ്ങളാണ്‌ ലഭിച്ചതെന്നറിയാന്‍ കിണഞ്ഞ പരിശ്രമങ്ങള്‍ നടത്തിയിട്ടും ഷേര്‍ അലിയില്‍ നിന്ന്‌ ആര്‍ക്കും ഒന്നും ലഭിച്ചില്ല. ``എനിക്ക്‌ പങ്കുകാരില്ല. പങ്കാളിയായി ഒരു മനുഷ്യനും എനിക്കില്ല. അല്ലാഹു മാത്രമാണ്‌ .....'' എന്ന്‌ മാത്രമായിരുന്നു ഷേര്‍ അലിയുടെ വാക്കുകള്‍. ഷേര്‍ അലിയെ പ്രശംസിച്ച്‌ കവിതയെഴുതാന്‍ എന്ന വ്യാജേന ഒരാളെ ബ്രിട്ടീഷുകാര്‍ ഷേര്‍ അലിയുടെ അടുത്തേക്കയച്ചു. പെഷവാറില്‍ നിന്നുള്ള കവിയാണെന്ന്‌ പരിചയപ്പെടുത്തിയ അയാള്‍ കൊലപാതകത്തിന്റെ വിശദവിവരങ്ങള്‍ ഷേര്‍ അലിയില്‍ നിന്നറിയാന്‍ ശ്രമിച്ചെങ്കിലും അതും വിഫലമായി.
വധശിക്ഷയ്‌ക്ക്‌ വധിക്കപ്പെട്ട ഷേര്‍ അലി മാപ്പപേക്ഷ നല്‍കിയില്ല. അധികാരികള്‍ അനുവാദം നല്‍കിയിട്ടും വധശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള പഴുതുകളെയെല്ലാം ഷേര്‍ അലി തട്ടിയെറിഞ്ഞു. പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ ഒരു ഫോട്ടോ വേണമെന്ന അധികാരികളുടെ ആവശ്യം മാത്രമാണ്‌ ഷേര്‍ അലി സമ്മതിച്ചത്‌. വിലങ്ങിട്ട കൈകളോടെ അക്ഷോഭ്യനായി, നീരസമുള്ള മുഖഭാവത്തോടെ ഫോട്ടോഗ്രാഫറുടെ മുന്നില്‍ ഷേര്‍ അലി ഇരുന്നു.
ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തോടുള്ള അമര്‍ഷവും കടുത്ത വെറുപ്പും പ്രകടിപ്പിക്കാന്‍ ഏറ്റവും മികച്ച വഴി അന്വേഷിച്ച്‌, കണ്ടെത്തി, വിജയകരമായി തന്റെ ലക്ഷ്യം നടപ്പിലാക്കിയ സൂത്രശാലിയായ വിപ്ലവകാരിയാണ്‌ യഥാര്‍ഥത്തില്‍ ഷേര്‍ അലിഖാന്‍. മേയോ പ്രഭുവിന്റെ ആന്തമാന്‍ സന്ദര്‍ശനം ഷേര്‍ അലിയുടെ കാത്തിരിപ്പിന്റെ അന്ത്യമായിരുന്നിരിക്കാം. അഥവാ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനുള്ള മികച്ച അവസരം.
ഷേര്‍ അലി സ്വാതന്ത്ര്യസമരപ്പോരാളിയോ ഏതെങ്കിലും സമരപ്രസ്ഥാനങ്ങളുമായി ബന്ധമുള്ളയാളോ ആയിരുന്നില്ല എന്ന്‌ വരുത്താന്‍ ബ്രിട്ടീഷുകാര്‍ ആവുന്ന ശ്രമങ്ങളെല്ലാം നടത്തിയിട്ടുണ്ട്‌. ഡല്‍ഹിയില്‍ ഒരു ബ്രിട്ടീഷ്‌ സൈനികന്റെ പാചകക്കാരനായിരുന്നു ഇയാളെന്നും, നാട്ടിലെ ഒരു പലിശക്കാരനുമായുള്ള കലഹത്തിനിടയില്‍ അയാളെ ഷേര്‍ അലി കുത്തിമലര്‍ത്തിയെന്നും ചില ബ്രിട്ടീഷ്‌ ചരിത്രങ്ങളിലുണ്ട്‌. എന്നാല്‍ നാട്ടിലെ ഒരാളും ഈ കൊലപാതകത്തിന്‌ സാക്ഷിയാകാന്‍ തയ്യാറായില്ല. പലിശക്കാരനെ കൊന്നത്‌ ഷേര്‍ അലിയാണെന്ന്‌ അവരാരും സമ്മതിച്ചതുമില്ല. അങ്ങനെയാണ്‌ ഷേര്‍ അലിയുടെ വധശിക്ഷ ഇളവു ചെയ്യപ്പെട്ടത്‌. ആദ്യകാലത്ത്‌ തന്റെ യജമാനനായ സൈനികനോടൊപ്പം ബ്രിട്ടീഷ്‌ അധികാരികളെ ന്യായീകരിച്ചു നടന്ന വ്യക്തിയായിരുന്നു ഷേര്‍ അലി എന്നാണ്‌ മറ്റൊരു കണ്ടെത്തല്‍. എന്നാല്‍ എന്തോ കാരണത്താല്‍ ബ്രിട്ടീഷുകാരനോട്‌ ഷേര്‍ അലിക്ക്‌ വിരോധമായി. ആ വിരോധമാണ്‌ വൈസ്രോയിയുടെ കൊലപാതകം വരെയെത്തിയതെന്നും പറയുന്നു. എഫ്‌ എ എം ഡാസ്‌ എഴുതിയ ദി ആന്‍ഡമാന്‍ ഐലന്റ്‌സ്‌ എന്ന ഗ്രന്ഥത്തില്‍ ഇവ്വിഷയകമായി ചില സൂചനകള്‍ നല്‍കുന്നുണ്ട്‌. വധിക്കപ്പെട്ട വൈസ്രോയിക്ക്‌ സമര്‍പ്പിക്കപ്പെട്ട ഒരു ഗ്രന്ഥത്തില്‍ ഏതായാലും ഷേര്‍ അലിയെക്കുറിച്ച്‌ നല്ലതു പറയാന്‍ സാധ്യതയില്ല. എന്നാല്‍ ജയില്‍ രേഖകളിലെല്ലാം ശാന്ത സ്വഭാവിയെന്ന്‌ പറയപ്പെട്ട ഒരാളെ വെറുമൊരു ജീവപര്യന്തത്തിനുവേണ്ടി ആന്തമാന്‍ ദ്വീപുകളിലേക്ക്‌ പറഞ്ഞയക്കാനുള്ള സാധ്യത വളരെക്കുറവാണ്‌. കടുത്ത ബ്രിട്ടീഷ്‌ വിരുദ്ധര്‍ക്ക്‌ മാത്രമാണ്‌ അക്കാലത്ത്‌ ആന്തമാനിലേക്ക്‌ നാടുകടക്കേണ്ടിവന്നിരുന്നത്‌. അങ്ങനെ നോക്കുമ്പോള്‍ അക്കാലത്ത്‌ തിളച്ചുമറിഞ്ഞ സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളില്‍ ഷേര്‍ അലിയുടെ സജീവ പങ്കാളിത്തമുണ്ടാകാനേ തരമുള്ളൂ
ആന്തമാന്‍ ദ്വീപുകള്‍ക്ക്‌ ജനറല്‍ ഹാവ്‌ലോകിന്റെയും ജനറല്‍ ലോറന്‍സിന്റെയും പേര്‌ നല്‍കിയതില്‍ ഷേര്‍ അലി തുറന്ന എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നുവത്രെ. 1857ലെ സമരത്തില്‍ ഝാന്‍സി റാണിയെയും താന്തിയാ തോപ്പിയെയും നിഷ്‌കരുണം വധിച്ച പട്ടാളത്തലവന്മാരായിരുന്നു അവര്‍ രണ്ടുപേരും. അക്കാരണത്താല്‍ തന്നെയാണ്‌ ഷേര്‍ അലി അവരെ വെറുത്തതും. മുപ്പതു ദിവസത്തെ വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷയ്‌ക്ക്‌ വിധിച്ച ശേഷവും ദയാഹരജി സമര്‍പ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്‌ ഷേര്‍ അലി ഇല്ലെന്ന്‌ പറഞ്ഞു.
വധശിക്ഷ നല്‍കാന്‍ ഷേര്‍ അലിയെ വൈപ്പര്‍ ദ്വീപിലേക്ക്‌ കൊണ്ടുപോയി. പേരു സൂചിപ്പിക്കുന്നതുപോലെ അണലിപ്പാമ്പുകളുടെ സങ്കേതമായിരുന്നു ആ ദ്വീപ്‌. തടവുകാരെ നിഷ്‌ഠൂരമായി പീഡിപ്പിക്കാന്‍ സെല്ലുലാര്‍ ജയിലുകള്‍ നിര്‍മിക്കുന്നതിന്‌ മുമ്പ്‌, പ്രലോഭനങ്ങള്‍ക്ക്‌ വഴങ്ങാത്ത ധീരരായ പോരാളികളെ വൈപ്പര്‍ ദ്വീപുകളിലാണ്‌ പാര്‍പ്പിച്ചിരുന്നത്‌. കടുത്ത ബ്രിട്ടീഷ്‌ വിരോധിയായിരുന്ന പുരി ജഗന്നാഥ്‌ മഹാരാജാവിനെ ഈ ദ്വീപില്‍ പാര്‍പ്പിച്ചിട്ടുണ്ട്‌. ഇവിടെ കിടന്നാണ്‌ 1877ല്‍ രാജാവ്‌ മരണപ്പെട്ടത്‌.
1872 മാര്‍ച്ച്‌ 11ന്‌ കഴുമരത്തിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ മുമ്പ്‌ കൂടെയുണ്ടായിരുന്ന തടവുകാരോട്‌ ഷേര്‍ അലി പറഞ്ഞതിങ്ങനെ:
``സഹോദരന്മാരേ, നമ്മുടെ ജന്മനാടിന്‍റെ ശത്രുവിനെ ഞാന്‍ കൊന്നു. ഞാനൊരു രാജ്യസ്നേഹിയായ മുസല്‍മാനാണെന്ന്‌ തെളിയിച്ചു. നിങ്ങളെല്ലാവരും അതിന്‌ സാക്ഷിയാണ്‌.''
എന്നാല്‍ ചരിത്രമോ കാലമോ ആ പോരാളിക്ക് വേണ്ട പരിഗണന നല്‍കിയിട്ടില്ലെന്നതാണ് സത്യം.സുഹൃത്തുക്കളെ ചരിത്രം ഒരിക്കലും മറക്കാത്ത സൂത്രശാലിയായ സ്വാതന്ത്ര സമരപ്പോരാളി എന്ന്‌ വിശേഷിപ്പിക്കവുന്ന ഷേര്‍അലി അഫ്രിദി എന്ന ധീരനായ വിപ്ലവകാരിയെ നമുക്ക് മറക്കാതിരിക്കാം
Share on Google Plus

About admin

5 comments:

  1. Isn't it the same Cellular jail shown in Kalapani movie?

    ReplyDelete
  2. വിലങ്ങിട്ട കൈകളോടെ അക്ഷോഭ്യനായി, നീരസമുള്ള മുഖഭാവത്തോടെ ഫോട്ടോഗ്രാഫറുടെ മുന്നില്‍ ഷേര്‍ അലി ഇരുന്നു.
    എനിക്ക് കണ്ടിട്ട് സങ്കടപ്പെട്ട് ഇരിക്കുന്നത് പോലെ തോന്നുന്നു.

    ReplyDelete
  3. ഇത് വായിച്ചിട്ട് മേയോ പ്രഭു വളരെ നല്ല രീതിയില്‍ തന്നെയാണ് ഭരിച്ചത് എന്ന് തോന്നുന്നു. സ്വന്തം കാര്യസാധ്യത്തിനാണെന്നുള്ളത് വേറെ കാര്യം. ബ്രിട്ടാനിയയുടെ ദാസന് ഭാരതാംബയെ പോഷിപ്പിക്കേണ്ട കാര്യമില്ലല്ലോ. വധിക്കപ്പെടാന്‍ സര്‍വഥാ യോഗ്യരായ വൈസ്രോയിമാര്‍ എത്രയോ വേറെയുണ്ടായിരുന്നു...

    ReplyDelete