അഡോള്‍ഫ് ഹിറ്റ്‌ലര്‍ : Adolf Hitler - a short bio in malayalam

1933 മുതല്‍ 1945 വരെ ജര്‍മനുയുടെ ചാന്‍സലറായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലര്‍. രണ്ടാം ലോകമഹായുദ്ധത്തിന്റെ മുഖ്യ കാരണക്കാരനായ ജര്‍മന്‍ ഏകാധിപതിയായിരുന്നു ഹിറ്റ്‌ലര്‍. 1889 ഏപ്രില്‍ 20-ന് കസ്റ്റംസിലെ ജീവനക്കാരനായ അലോയ്‌സ് ഹിറ്റ്‌ലറുടെയും ക്ലാര പോള്‍സിലിന്റെയും മകനായി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജനിച്ചു. ഓസ്ട്രിയഹങ്കറി പ്രദേശമായ ബ്രോണൗ ആം ഇന്‍ ആയിരുന്നു അഡോള്‍ഫിന്റെ ജന്‍മദേശം. ഹിറ്റ്‌ലര്‍ 1919-ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും 1921-ല്‍ നാസി പാര്‍ട്ടി സ്ഥാപിക്കുകയും ചെയ്തു. രാഷ്ട്രീയ അട്ടിമറിക്കു ശ്രമിച്ചതിന്റെ പേരില്‍ 1923-ല്‍ ജയിലിലായി. അവിടെവച്ച് തന്റെ ആശയലക്ഷ്യങ്ങള്‍ വിവരിക്കുന്ന മീന്‍കാഫ് (എന്റെ പോരാട്ടം) എന്ന പുസ്തകം രചിച്ചു. ഇത് ലോക ക്ലാസിക്കുകളിലൊന്നായി കരുതപ്പെടുന്നു.

സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് 1930-നടുത്ത് നാസി പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ദ്ധിക്കുകയും ഹിറ്റ്‌ലര്‍ ചാന്‍സലറായുള്ള നാസി ഗവണ്‍മെന്റ് 1933-ല്‍ അധികാരത്തില്‍ വരികയും ചെയ്തു. സ്വേച്ഛാധിപതിയായി മാറിയ അദ്ദേഹം യൂറോപ്പിനെയാകമാനം ആക്രമിച്ചു കീഴടക്കി. രാഷ്ട്രീയ വിരോധികള്‍, ജൂതന്മാര്‍ എന്നിവരെ നിഷ്‌കരുണം പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു. 1939-ല്‍ ജര്‍മനി പോളണ്ടിനെ ആക്രമിച്ചതോടെ രണ്ടാം ലോകയുദ്ധം ആരംഭിച്ചു. പ്രസംഗങ്ങളിലൂടെയും അടിച്ചമര്‍ത്തലിലൂടെയും ജര്‍മന്‍ ജനതയെ കാല്‍ക്കീഴിലാക്കിയ ഹിറ്റ്‌ലറുടെ ലക്ഷ്യം ശുദ്ധ ആര്യന്‍ ആധിപത്യമായിരുന്നു. അതിനായി 60 ലക്ഷം ജൂതന്മാരടക്കം നിരവധി ദശലക്ഷം പേരെ ഹിറ്റ്‌ലര്‍ കൊന്നൊടുക്കി. 1945-ല്‍ റഷ്യ യുദ്ധരംഗത്തെത്തിയതോടെ ജര്‍മനി പൂര്‍ണമായും പരാജയപ്പെട്ടു. തുടര്‍ന്ന് 1945 ഏപ്രില്‍ 30-ന് ഹിറ്റ്‌ലര്‍ സ്വന്തം തലയ്ക്കുനേരെ വെടിവെച്ച് ആത്മഹത്യ ചെയ്തു. 1945 ഏപ്രില്‍ 29-ന് മരണത്തിനു കീഴടങ്ങും മുന്‍പ് 16 വര്‍ഷക്കാലം വിശ്വസ്തയായികൂടെ നിന്ന ഇവാ ബ്രൗണിനെ അദ്ദേഹം വിവാഹം കഴിച്ചു. ഹിറ്റ്‌ലറുടെ ആത്മഹത്യക്കു തൊട്ടു മുമ്പേ ഇവാ ബ്രൗണ്‍ സയനൈഡ് കഴിച്ച് മരിച്ചിരുന്നു.

ഹിറ്റ്‌ലറുടെ തലയോട്ടി റഷ്യയയിലെ സ്‌റ്റേറ്റ് ആര്‍കൈവിലാണ് സൂക്ഷിച്ചിരിക്കുന്നത്. വെടിയേറ്റുണ്ടായ ദ്വാരം ഇതില്‍ വ്യക്തമായി കാണാം. ഹിറ്റ്‌ലറുടെ രക്തതുള്ളികള്‍ പറ്റിയ സോഫയുടെ ഭാഗങ്ങളും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഹിറ്റ്‌ലര്‍ ജനിച്ച വീട് ഇന്ന് സ്മാരകമാണ്. അനുരഞ്ജന സ്മാരകം എന്നാണ് ഇത് അറിയപ്പെടുന്നത്. ഭാവിതലമുറ വംശ വിദ്വേഷത്തിനും ഫാസിസത്തിനും കീഴ്‌പ്പെടാതിരിക്കാനുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. യൂറോപ്യന്‍ യൂണിയനാണ് അനുരഞ്ജനസ്മാരകത്തിനു സാമ്പത്തികസഹായം ചെയ്യുന്നത്.

ഹിറ്റലറുടെ കാലത്ത് ഹിറ്റ്‌ലറെ കളിയാക്കിക്കൊണ്ടിറങ്ങിയ സിനിമയാണ് ദ ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍. 1940-ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ഹിറ്റ്‌ലറെ അവതരിപ്പിച്ചത് ചാര്‍ളി ചാപ്ലീനാണ്. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ ദ ഹന്‍ഡ്രഡ് എന്ന പേരില്‍ മൈക്കിള്‍ ഹാര്‍ട്ട് 1978-ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ മുപ്പത്തി ഒമ്പതാം സ്ഥാനം ഹിറ്റ്‌ലര്‍ക്കാണ്.

Share on Google Plus

About admin

1 comments:

  1. ''അവിടെവച്ച് തന്റെ ആശയലക്ഷ്യങ്ങള്‍ വിവരിക്കുന്ന മീന്‍കാഫ് (എന്റെ പോരാട്ടം) എന്ന പുസ്തകം രചിച്ചു.''
    വായിച്ചിട്ടുണ്ടോ? വായിച്ചാല്‍ നമ്മുക്ക് തോന്നും ''അല്ല, പറഞ്ഞ പോലെ ഇത് ശരിയാണല്ലോ'' എന്ന്.

    ReplyDelete