യൂറോപ്യന്‍ അന്തകാരയുഗവും, നവോതാനവും പാശ്ചാത്യ സംസ്കാരവും : പുരാതന കാലഘട്ടം (Archaic Period -776-480 BCE)

നവോത്ഥാനം എന്ന് പൊതുവേ പറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇരുണ്ടയുഗത്തില്‍ നിന്നും
പുരോഗതിയിലേക്കുള്ള പരിണാമഘട്ടത്തെ സൂചിപ്പിക്കുവാനാണ്. ഇതില്‍ ഇരുണ്ട യുഗങ്ങള്‍ എന്നാല്‍ ഒരു സമൂഹം അതിന്റെ സാംസ്കാരിക പരിണാമത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത പുരോഗതിക്ക് മറ്റൊരു സാംസ്കാരിക പരിണാമം വഴി തുടര്‍ച്ചയില്ലാതെ പോകുന്ന അവസ്ഥ എന്ന് വിശേഷിപ്പിക്കാം. ഇത്തരം നവോതാനങ്ങള്‍ ലോകചരിത്രത്തില്‍ പലതവണ സംഭവിച്ചിട്ടുണ്ട്. അതില്‍ പ്രമുഖമായ ഒന്നാണ് യൂറോപ്യന്‍ നവോത്ഥാനം. ഗ്രീക്ക് നാഗരികതയില്‍ ആരംഭിച്ച് റോമന്‍ കാലഘട്ടത്തിലൂടെ വളര്‍ന്ന ആദിമയൂറോപ്യന്‍ സംസ്കാരം(Classical Anitiquity) അതിന്റെ നാശത്തിനു ശേഷം വടക്കന്‍ യൂറോപ്പില്‍ നിന്നുമുള്ള
പ്രാകൃത ഗോത്രങ്ങളുടെ കുടിയേറ്റം വഴിയും, ക്രിസ്തുമതത്തിന്റെ വരവോടെയും നാമാവശേഷമാവുകയും, പകരം അവിടങ്ങളില്‍ ഫ്യൂഡല്‍വ്യവസ്ഥ നിലനില്‍ക്കുന്ന മതാധിപത്യ
രാജ്യങ്ങള്‍ നിലവില്‍ വരികയും ചെയ്തതോടെ, കല, തത്വഞ്ഞ്നാനം, ശാസ്ത്രം എന്നിവയിലെല്ലാം ആര്‍ജ്ജിച്ചെടുത്ത എല്ലാ നേട്ടങ്ങള്‍ക്കും തുടര്‍ച്ചയില്ലാതാവുയുണ്ടായി. ഈക്കാലഘട്ടത്തെയാണ് യൂറോപ്യന്‍ അന്തകാരയുഗം എന്ന് പില്‍ക്കാല ചരിത്രകാരന്മാര്‍ വിളിക്കുന്നത്. ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയും പകരമായി വാണിജ്യവും വ്യാപാരവും തഴച്ച് വളര്‍ന്നതോടെ പുതുതായി ഉയര്‍ന്നു വന്ന സമ്പദ്‌വ്യവസ്ഥ സമൂഹത്തെ അടിമുടി മാറ്റിമറിച്ചു. ഇവിടെയാണ് നവോദ്ധാനത്തിന് കളമൊരുങ്ങിയത്.
നവോതാനത്തെ കുറിച്ച് വ്യക്തമായി അറിയണമെങ്കില്‍ മുന്‍പ്‌ അന്തകാരയുഗം എങ്ങനെ രൂപപ്പെട്ടുവെന്നും, അതിന് മുന്‍പുള്ള യൂറോപ്പ്‌ എങ്ങനെആയിരുന്നെന്നും അറിയേണ്ടതുണ്ട്.

1. ഗ്രീക്ക് സംസ്കാരം

ബി സി 3000 മുതല്‍ ബിസി 1000 വരെയുള്ള കാലഘട്ടത്തില്‍ ഗ്രീസിലും ഈജിയന്‍ പ്രദേശങ്ങളിലുമായി രൂപമെടുത്ത വെങ്കലയുഗ സംസ്കാരങ്ങളായ സൈക്ലാഡിക്ക്, മിനോവന്‍, ഹെല്ലാഡിക്ക്, മെയ്‌സീനിയന്‍ (Cycladic, Minoan, Helladic, Mycaniean)എന്നിവ ആദിമ ഗ്രീക്ക് സംസ്കാരങ്ങളായി കണക്കാക്കുന്നത്. യൂറോപ്യന്‍ ചരിത്രത്തിലെ തന്നെ പൂര്‍ണ്ണമായ അര്‍ത്ഥത്തിലുള്ള ആദ്യ നാഗരികത മിനോവന്‍ സംസ്കാരം ആണെന്നു പറയാം. BC 1700 -1600 കാലഘട്ടത്തോടെ മിനോവന്‍ ക്ഷയിക്കുകയും വെങ്കലയുഗത്തിന്റെ അവസാനത്തില്‍ മേയ്സീനിയന്‍ സംസ്കാരം(1600BC-1100BC) പ്രബലമായി. വളരെയധികം സാംസ്കാരികവും സാമൂഹികവുമായി വളരെ ഉന്നതി കൈവരിച്ച കാലഘട്ടമായിരുന്നു അത്. ചെറു നഗരങ്ങള്‍ കേന്ദ്രീകരിച്ച് നിര്‍മ്മിച്ച കൊട്ടാരങ്ങള്‍ വഴിയുള്ള സുസ്ഥിരമായ ഭരണസംവിധാനവും സുസംഘടിതമായ സൈന്യവും, ആശയവിനിമയത്തിനും, അറിവ്‌ കൈമാറ്റത്തിനും വേണ്ടി സ്വന്തമായ ലിപിയും (Linear ബി) അക്ഷരമാലക്രമവും അവിടെ നിലവിലുണ്ടായിരുന്നു(1450-1180). പില്‍ക്കാലത്ത്‌ രചിക്കപ്പെട്ട ഗ്രീക്ക് ഇതിഹാസങ്ങളില്‍ പ്രതിപാദിക്കുന്ന പലതും ഈ കാലഘട്ടത്തിലെ യഥാര്‍ത്ഥ ചരിത്രങ്ങള്‍ തന്നെയാണെന്ന് കാണാം. ഐതിഹാസികമായ ട്രോജന്‍ യുദ്ധം(1250 or 1210) നടന്നത് ഇക്കാലതതാണെന്ന് കരുതിപ്പോരുന്നു. മുന്‍ സംസ്കാരങ്ങളില്‍ നിന്നും വിഭിന്നമായി കൃഷിക്ക് പുറമേ വ്യാപാരവും പ്രധാന ജീവിതോപാതിയായിരുന്നു. എങ്കിലും ഇതിന്റെ അവസാനകാലത്തോടെ പലവിധ കാരണങ്ങള്‍കൊണ്ടുണ്ടായ കലാപങ്ങളും, വൈദേശിക ആക്രമണങ്ങളും(From Sea people) ഈ സംസ്കാരത്തിന്‍റെ അന്തചിദ്രത്തിനു കാരണമായി. ഇത് മുതലെടുത്ത്‌ പിന്നീട് വടക്കന്‍ പ്രദേശങ്ങളില്‍ നിന്നും ഇരുമ്പ്‌ ആയുധവിദ്യ സ്വായത്തമാക്കിവന്ന ഡോറിയന്‍മാര്‍ (Doric Invasions of 1200-1100) ഇതിനു മേല്‍ അധിനിവേശം നടത്തുകയുണ്ടായി. അവര്‍ കൊട്ടാരങ്ങളും, ഖജനാവും കൊള്ളയടിക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ രാജ്യങ്ങളും ഭരണവും ഇല്ലാതെയായി. നഗരങ്ങളെല്ലാം നശിച്ചു. മേയ്സീനിയന്‍മാര്‍ ഉപയോഗിച്ചിരുന്ന Linear ബി ഉപയോഗം ഇല്ലാതാവുകയും അതോടെ അതൊരു നിരക്ഷര സമൂഹമായി മാറുകയും ചെയ്തു. അതിനാല്‍ തന്നെ തുടര്‍ന്നുള്ള കാലഘട്ടത്തിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.ചരിത്രത്തില്‍ ഇക്കാലഘട്ടം(1100BC-700BC) ഗ്രീക്ക് അന്തകാരയുഗം എന്ന് അറിയപ്പെടുന്നു.

പുരാതന കാലഘട്ടം (Archaic Period -776-480 BCE)

ഇതിനു ശേഷം പുരാതന കാലഘട്ടം(800-500s) എന്ന് അറിയപ്പെട്ട, സാംസ്കാരികമായി ഗ്രീസിനെ വീണ്ടും ഉന്നതിയിലെത്തിച്ച സമയമാണ്. ഗ്രീക്ക് ചരിത്രത്തില്‍ നിര്‍ണ്ണായകമായ നഗരരാഷ്ട്രങ്ങളുടെ(Polis) പിറവി ഇക്കാലഘട്ടത്തിലാണ്. അതിനു കാരണം പൊടുന്നനെയുണ്ടായ ജനസംഖ്യാവര്‍ദ്ധനവും കൃഷിയിലും വ്യാപാരത്തിലും ഉണ്ടായ പുരോഗതിയുമായിരുന്നു. നഗരങ്ങള്‍ തമ്മില്‍ വാണിജ്യബന്ധങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. വൈകാതെ അവതമ്മിലുള്ള പരസ്പരസഹകരണം അവരുടെ ഒത്തുചേരലിന്റെ ഭാഗമായി ഉത്സവങ്ങളും സാംസ്കാരിക മേളകളും സംഘടിപ്പിക്കപ്പെടുവാന്‍ കാരണമായി. ആദ്യത്തെ ഒളിമ്പിക്സ്‌ സംഘടിക്കപ്പെട്ടത്(776 BCE) ഇക്കാലത്തായിരുന്നു. ചരിത്രത്തിലെ ആ ഒളിമ്പിക്സ് ആണ് പുരാതന കാലഘട്ടത്തിന്‍റെ ആരംഭമായി കണക്കാക്കുന്നത്.
അന്തകാരയുഗത്തില്‍ അന്യം നിന്നുപോയ എഴുത്തു വിദ്യയുടെ പുനസ്ഥാപനം നടന്നു.
പഴംകഥകളുടെ രൂപത്തില്‍ അതുവരെ വാമൊഴിയായി പകര്‍ന്നുകിട്ടിയ ചരിത്രങ്ങലെല്ലാം
ഗ്രീക്ക് പുരാണങ്ങളുടെയും, ഇതിഹാസങ്ങളുടെയും രൂപത്തില്‍ എഴുതപ്പെട്ടു.
ഹോമറുടെത് ഉള്‍പ്പടെ മഹത്തരമായ ഇതിഹാസങ്ങളും കവിതകളും, നാടകങ്ങളും രചിക്കപ്പെട്ടത് ഇക്കാലഘട്ടത്തിലാണ്. അതിനാല്‍ തന്നെ ആദിമ ഗ്രീസിന്റെ ചരിത്രം പില്‍ക്കാലത്ത്‌ രചിക്കപ്പെട്ട ഗ്രീക്ക് ഇതിഹാസങ്ങളുമായി ഇഴചെര്‍ന്ന്‍ കിടക്കുന്നു.
ആതന്‍സ്‌, സ്പാര്‍ട്ട, തീബ്സ്‌ തുടങ്ങിയ നഗരരാഷ്ട്രങ്ങള്‍ രാഷ്ട്രീയ ശക്തികേന്ദ്രങ്ങളായി മാറി.തെക്കന്‍ ഇറ്റലി, സിസിലി എന്നിവിടങ്ങളില്‍ ഗ്രീക്ക് നഗരങ്ങള്‍ സ്ഥാപിക്കപ്പെട്ടു.
അന്തകാരത്തില്‍ നിന്നും ഗ്രീസിന്റെ ക്ലാസിക്കല്‍ ഘട്ടത്തിലേക്കുള്ള പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കിയ ബൌദ്ധിക മുന്നേറ്റങ്ങള്‍ക്ക് ഇക്കാലഘട്ടം സാക്ഷിയായി.
ഓരോ നഗര രാഷ്ട്രങ്ങളും പല രീതിയിലുള്ള ഭരണക്രമങ്ങള്‍ ആയിരുന്നു പിന്തുടര്‍ന്നിരുന്നത്.
അവയെ പ്രധാനമായും പ്രഭുവവര്‍ഗ ഭരണം(Oligrachy) സ്വേച്ഛാധിപത്യം(Tyranity) ജനാധിപത്യം (Democracy) എന്ന് ചരിത്രകാരന്മാര്‍ തരംതിരിക്കുന്നു. ഇതില്‍ പ്രഭുവവര്‍ഗ ഭരണം എന്നാല്‍ സമൂഹത്തിലെ പ്രമാണിമാര്‍ ചേര്‍ന്ന സഭ ഭരണം നടത്തുന്ന രീതിയായിരുന്നു. ജനാധിപത്യമാകട്ടെ തിരഞ്ഞെടുക്കപ്പെട്ട പൌരപ്രമുഖരെ കൂടി ഭരണത്തില്‍ പങ്കാളികളാക്കികൊണ്ടുള്ളതായിരുന്നു. ആ അര്‍ത്ഥത്തിലുള്ള ആദ്യ ജനാധിപത്യ ഭരണകൂടം ആതന്‍സില്‍ BC 594ല്‍ നിലവില്‍ വന്നു. ഇവയില്‍ നിന്നും വ്യത്യസ്തമായി പല രാജ്യങ്ങളിലും അട്ടിമറികളുടെ ഫലമായി ആയിരുന്നു സ്വേച്ഛാധിപത്യ ഭരണം നിലവില്‍ വന്നിരുന്നത്. ആഥന്‍സിലും ഇങ്ങനെയൊന്ന്‍ സംഭവിക്കുകയുടായി. അതേസമയം അവസാനം വരെ സ്പാര്‍ട്ട ഒരു പട്ടാള പ്രഭുവര്‍ഗ്ഗ(MIlitary Oligrachy) രാജ്യമായി നിലകൊണ്ടു. രാജ്യത്തിലെ ഓരോ പൌരന്മാരും അതിനാല്‍ തന്നെ സൈനികപരിശീലനം നേടിയവരായിരുന്നു. അതുപോലെ തന്നെ മറ്റു ഗ്രീക്ക് രാഷ്ട്രങ്ങളെ അപേക്ഷിച്ച്, ജനാധിപത്യ ആതനസിനെ അപേക്ഷിച്ച് പോലും സ്ത്രീ-പുരുഷ സമത്വത്തിന്റെ കാര്യത്തില്‍ സ്പാര്‍ട്ട ബഹുദൂരം മുന്നിലായിരുന്നു. ആണ്‍കുട്ടികളെ പോലെ തന്നെ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം സ്പാര്‍ട്ടയില്‍ ലഭിച്ചിരുന്നു. ഭരണകാര്യങ്ങളിലും മറ്റും അഭിപ്രായം പറയുവാനും പൊതുസ്ഥലങ്ങളില്‍ കടന്നു ചെല്ലുവാനും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന യുദ്ധകാലങ്ങളില്‍ പങ്കെടുക്കുന്ന പൌരന്മാരുടെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുവാനുള്ള അവകാശം അവരുടെ ഭാര്യമാര്‍ക്കയിരുന്നു. അതുപോലെ യുദ്ധത്തില്‍ ഭര്‍ത്താവ്‌ മരിക്കുമെങ്കില്‍ അയാളുടെ സ്വത്തിന്റെ പൂര്‍ണ്ണ അവകാശവും സ്ത്രീകള്‍ക്കായിരുന്നു. ഇത്തരത്തിലുള്ള അവകാശങ്ങളൊന്നും ഇതര നഗരരാഷ്ട്രങ്ങളില്‍, പ്രത്യേകിച്ച് ആതന്‍സില്‍ ഉണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് സ്വത്തവകാശാമോ, പൊതുകാര്യങ്ങളില്‍ ഇടപെടുവാനോ ഉള്ള അനുവാദം ഉണ്ടായിരുന്നില്ല.
കൃഷിപ്പണിപോലുള്ള താഴെകിടയിലുള്ളവര്‍ ചെയ്തിരുന്ന തൊഴിലുകളും, വേശ്യാവൃത്തിയും ഒഴിച്ചാല്‍ സ്ത്രീകള്‍ ചെയ്തിരുന്ന ഏക തൊഴില്‍ എന്നത് നെയ്ത്ത്‌പണി മാത്രമായിരുന്നു.(വ്യവസായികവിപ്ലവം വരെയുള്ള യൂറോപ്പിന്റെ ചരിത്രം പരിശോദിച്ചാല്‍ സ്ത്രീകള്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന ഏക തൊഴിലും നെയ്ത്തായിരുന്നു എന്ന് കാണാം) കൂടാതെ അടിമത്തം, അടിമക്കച്ചവടം എന്നിവയൊക്കെ നിയമാനുസൃതമായിരുന്നു ഇവിടങ്ങളില്‍. എങ്കിലും ഉടമകളാല്‍ അടിമകള്‍ സ്വതന്ത്രരാകുന്നതും, സ്വതന്ത്രരായ അടിമകള്‍ പിന്നീട് ഉടമകള്‍ ആകുന്നതുമെല്ലാം സാധാരണമായിരുന്നു.

(Credits: വി ഫോർ വെൻഡെറ്റ ,ചരിത്രാന്വേഷികൾ)

Share on Google Plus

About admin

0 comments:

Post a Comment