ചരിത്രത്തെകുറിച്ച് അൽപ്പം : About the history of history

പൊതുവായി അംഗീകരിക്കപ്പെട്ട നുണകളെയാണ് നാം ചരിത്രം എന്ന് പറയുന്നത് എന്നാണ് ഫ്രഞ്ച് ചിന്തകന്‍ വോള്‍ട്ടയര്‍ പറഞ്ഞത്. ചെകുത്താന്റെ നിഘണ്ടു എഴുതിയ ആംബ്രൂസ് ബിയേഴ്‌സ് എന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ഇതിനെക്കാള്‍ മനോഹരമായി ചരിത്രത്തെ നിര്‍വചിച്ചിട്ടുണ്ട്- An account, mostly false, of events, mostly unimportant, which are brought about by rulers, mostly knaves, and soldiers, mostly fools. അതായത് ചരിത്രം എന്നത് നമ്മളില്ലാത്ത കാലത്തിന്റെ സത്യസന്ധമായ വ്യവഹാരമാണ് എന്ന് ആര്‍ക്കും ഉറപ്പിച്ചു പറയാനായില്ല. എല്ലാവര്‍ക്കും സ്വീകാര്യമായ ശാസ്ത്രീയ രീതി ചരിത്രരചനക്കില്ലായിരുന്നു. ഐതിഹ്യത്തിലാണ് ചരിത്രം തുടങ്ങുന്നതെന്ന് മിത്തോളജിയും ചരിത്രത്തിന് വഴിമുട്ടുമ്പോഴാണ് മിത്തുകള്‍ ജനിക്കുന്നതെന്ന് ചരിത്രവും പറഞ്ഞുകൊണ്ടിരുന്നു. പിന്നീട്, ചരിത്രമെന്നത് ചരിത്രമെഴുത്തിനുള്ള ഉപാധിയായി മാത്രം മാറി.

രാജകേന്ദ്രീകൃതമാണ് ഏറെയും ചരിത്രം. ചരിത്രകാരന് ജുഡിഷ്യല്‍ പവര്‍ എന്നുമുണ്ടായിരുന്നില്ല. ചരിത്രം തിരുത്തിയ അല്ലെങ്കില്‍, ചരിത്രം സൃഷ്ടിച്ച ചക്രവര്‍ത്തി എന്നാണ് നാം പറയാറ്. എന്നാല്‍, ഇവര്‍ ചരിത്രം 'സൃഷ്ടിക്കുന്നതിനു' മുമ്പ് ശിലായുഗം, ഓട് യുഗം എന്നിങ്ങനെ മനുഷ്യനും ഉല്‍പാദനോപാദികളും തമ്മിലുള്ള ബന്ധത്തിന്റെ വികാസ പരിണാമ ചരിത്രമായിരുന്നു എന്നുപറയാം. എന്നാല്‍, മനുഷ്യന്‍ ഗോത്രവും രാജ്യവും സാമ്രാജ്യവും ആയിമാറിയപ്പോള്‍ ചരിത്ര നിര്‍മാണത്തിന് അസ്തിവാരത്തിനുപകരം മേല്‍ക്കൂരകളെ ആശ്രയിക്കാന്‍ തുടങ്ങി. ഗുപ്തന്മാരുടെ കാലഘട്ടം, മൗര്യന്മാരുടെ കാലഘട്ടം, വിക്‌ടോറിയന്‍, കഴ്‌സണ്‍ എന്നിങ്ങനെ ചരിത്രത്തിന് പേരിട്ടു. ചരിത്രത്തിന് അന്വേഷണത്തിന്റെ ആവശ്യമില്ലാതായി. ആബ്രൂസിന്റെ സങ്കല്‍പത്തിലേക്ക് ചരിത്രം വഴുതിമാറുന്നത് അങ്ങനെയാണ്.

കാള്‍ മാര്‍ക്‌സാണ് ചരിത്രനിര്‍മിതിക്ക് ഒരു മെത്തഡോളജി അവതരിപ്പിക്കുന്നത്. (“The history of hitherto existing society is the history of class struggles.”)

ചരിത്രത്തിന്റെ ഊര്‍ജമേഖല വര്‍ത്തമാനകാലമാണെന്ന വാദം മാര്‍ക്‌സിസം ശക്തമാക്കി. വൈരുധ്യാത്മക ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും ചരിത്ര രചനക്ക് തച്ചുശാസ്ത്രം നിര്‍മിച്ചു. വര്‍ത്തമാനകാലത്തിന്റെ സ്വഭാവഘടനയില്‍നിന്നാണ് മാര്‍ക്‌സ് ഗതകാലത്തിലേക്ക് പദയാത്ര നടത്തുന്നത്. ഈ രീതി എല്ലാവര്‍ക്കും സ്വീകാര്യമല്ലതാനും.

ചരിത്രരചന സങ്കേതം ഇന്നും ഏറെ യൊന്നും മുന്നോട്ടുപോയില്ല. അതേസമയം, വലത്തോട്ടുള്ള സഞ്ചാരം കൂടിയിട്ടേയുള്ളൂ. മിത്തും യാഥാര്‍ഥ്യവും രണ്ടും രണ്ടായി തന്നെ നിലനില്‍ക്കുന്നു. വേദങ്ങള്‍ ഒരു വശത്തും പഠനങ്ങള്‍ മറ്റൊരു വശത്തും. പുതിയ ഓരോ കണ്ടെത്തലുകളെയും തിയോളജിയുടെ വികാസത്തിനുള്ള ഇരകളായി ഉയര്‍ത്തിക്കൊണ്ടുവരുന്നു. ചരിത്രമെന്ന ശാസ്ത്രം ഇല്ലതാകുന്നു. ചരിത്രത്തിന്റെ വികാസനാളം അടയുന്നു.

ചരിത്രം ഇങ്ങനെയൊരു സന്ദിഗ്ധാവസ്ഥയില്‍ എത്തിനില്‍ക്കുമ്പോഴാണ് എബ്രഹാം ബെന്‍ഹറിന്റെ The Jewish background of Indian people എന്ന ഗ്രന്ഥമുണ്ടാകുന്നത്. ചരിത്രരചനയുടെ വികാസ മേഖലകളുടെ ഇരുവഴികളും അടയുമ്പോള്‍ ബെന്‍ഹര്‍ മൂന്നാമത്തെ ഒരു വഴി ഇവിടെ തുറക്കുന്നു. ഈ ഗ്രനഥം എന്തുപറയുന്നുവെന്നിടത്തല്ല , എങ്ങനെ പറയുന്നുവെന്നിടത്താണ് അതിന്റെ ലാവണ്യ ഭൂമിക ഒരുങ്ങുന്നത്.

ചരിത്രത്തിന്റെ സന്ദിഗ്ധാവസ്ഥയെകുറിച്ച് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ബെന്‍ഹറില്‍ അന്തര്‍ലീനമായതുകൊണ്ടാവാം, ചരിത്രത്തിന് അദ്ദേഹം പുതിയ നിര്‍വചനം നല്‍കി അതിനെ ആത്മകഥയാക്കി പുനര്‍നിര്‍മിക്കുന്നു. ആത്മകഥയെന്ന സ്വന്തം ജീവചരിത്രത്തെ ജീവിതത്തിനപ്പുറത്തേക്ക് വായിച്ചുകൊണ്ടുപോകുന്നു. മനുഷ്യവംശം എന്ന ഒരു ശരീരത്തെയും അതിന്റെ ജീവിതത്തെയും സ്വന്തം ശരീരത്തിലൂടെ അന്വേഷണവിധേയമാക്കുന്നു. -'history is his -story and his -story is my story' -തന്റെ ജീവിതത്തില്‍ മാത്രം അവസാനിക്കാതെ അതിന്റെ പിന്നാലെ സഞ്ചരിക്കുകയാണ്. സ്വന്തം ശരീരത്തില്‍നിന്നും ഒരു തുള്ളി രക്തമെടുത്ത് ബയോ ലാബിലേക്ക് പ്രവേശിക്കുന്നു. ജനിതകവഴിയിലൂടെ, നരവംശശാസ്ത്രപരമായ അന്വേഷണം.

ചരിത്രം തുടങ്ങിയപ്പോഴാണ് ചരിത്രാതീതകാലത്തെ കുറിച്ച് കെട്ടുകഥകള്‍ ഉണ്ടായതെന്നും അന്വേഷണം കെട്ടുകഥകളിലെ മാറാലകള്‍ മാറ്റുമെന്നും യഹൂദചരിത്രത്തിലൂടെ അദ്ദേഹം പറയാന്‍ ശ്രമിക്കുന്നു. യഹൂദിസത്തിന്റെയും ഇസ്‌ലാമിന്റെയും ക്രിസ്ത്യാനിറ്റിയുടെയും മൗലികമായ അടിത്തറയായ ഏദന്‍തോട്ടത്തില്‍നിന്ന് ഇന്ത്യയിലേക്കും കേരളത്തിലേക്കും തന്റെ വീട്ടുമുറ്റത്തെ കല്ലറയിലേക്കും തന്നിലേക്കും എത്തിച്ചേരുന്ന യാത്ര. ചരിത്രത്തിലെ ഏറ്റവും വലിയ വില്ലന്മാരായി ജൂതന്മാരെ എഴുതപ്പെടുന്ന ഈ കാലത്ത് ബെന്‍ഹറിന്റെ പഠനത്തിന് ചരിത്രപരമായ പ്രാധാന്യവും അര്‍ഹിക്കുന്നു
(Credit: Muhammed Jasim)

Share on Google Plus

About admin

0 comments:

Post a Comment