ശ്രീകൃഷ്ണന്റെ ദ്വാരക : ഗുജറാത്ത് സംസ്ഥാനത്തിലെ ജാംനഗര്‍ ജില്ലയില്‍ പ്പെട്ട പട്ടണം

ദ്വാരക
********
ഗുജറാത്ത് സംസ്ഥാനത്തിലെ ജാംനഗര്‍ ജില്ലയില്‍ പ്പെട്ട പട്ടണം.

കത്തിയവാറിന്റെ പടിഞ്ഞാറേയറ്റത്ത് സ്ഥിതിചെയ്യുന്ന ദ്വാരക ഹൈന്ദവ തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധമാണ്. ശ്രീകൃഷ്ണന്റെ രാജധാനി ഇവിടെയായിരുന്നു എന്നാണ് വിശ്വാസം. ദ്വരവതി, ദ്വാരാവതി, കുശസ്ഥലി എന്നീ പേരുകളും ദ്വാരകയ്ക്കുണ്ടായിരുന്നു. ശ്രീകൃഷ്ണന്റെ നേതൃത്വത്തിലുള്ള യാദവരെ ജരാസന്ധന്റെ ആക്രമണത്തില്‍നിന്ന് രക്ഷിക്കുവാനായി വിശ്വകര്‍മാവാണ് ദ്വാരകാപുരി നിര്‍മിച്ചതെന്നും ശ്രീകൃഷ്ണന്റെ മരണശേഷം ഈ നഗരം സമുദ്രത്തില്‍ മുങ്ങിപ്പോയി എന്നും മഹാഭാരതത്തില്‍ പ്രസ്താവിച്ചിരിക്കുന്നു.
ആധുനിക ദ്വാരക ഗുജറാത്തിലെ ഒരു പ്രധാന വൈഷ്ണവകേന്ദ്രമാണ്. ഇവിടത്തെ ദ്വാരകാധീശക്ഷേത്രവും ആദിശങ്കരാചാര്യര്‍ സ്ഥാപിച്ച ദ്വാരകാമഠവും നിരവധി തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു. ദ്വാരകാധീശക്ഷേത്രം ശ്രീകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പ്രപൗത്രനായ വജ്രനാഭന്‍ പണികഴിപ്പിച്ചതാണെന്നു കരുതപ്പെടുന്നു.

ദ്വാരകയ്ക്ക് സമീപം കടലിനടിയില്‍ കണ്ടെത്തിയ നഗരാവശിഷ്ടങ്ങള്‍
ദ്വാരകയുടെ സമീപത്തുള്ള ബെട്ദ്വാരക ദ്വീപിലാണ് ശ്രീകൃഷ്ണന്‍ പത്നിമാരുമായി താമസിച്ചിരുന്നത് എന്നും ഇവിടെവച്ചാണ് ശംഖാസുരനെ വധിച്ച് പാഞ്ചജന്യം കൈക്കലാക്കിയത് എന്നുമാണ് ഐതിഹ്യം.ആധുനിക ദ്വാരകയും ശ്രീകൃഷ്ണന്റെ ദ്വാരകയും തമ്മില്‍ ബന്ധമില്ല എന്നും പണ്ഡിതമതമുണ്ട്.
1983-90 കാലത്ത് ദ്വാരകയ്ക്കു സമീപം തീരക്കടലില്‍ നടന്ന പര്യവേക്ഷണങ്ങള്‍ സമുദ്രത്തിനടിയില്‍ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യനോഗ്രഫിയുടെ മറൈന്‍ ആര്‍ക്കിയോളജി വിഭാഗം ഇവിടെ ഒരു സമുദ്രാന്തര മ്യൂസിയം സ്ഥാപിക്കുവാനുള്ള പദ്ധതിക്ക് രൂപം നല്കിയിട്ടുണ്ട്

Share on Google Plus

About admin

0 comments:

Post a Comment