യൂറോപ്യന്‍ അന്തകാരയുഗവും, നവോതാനവും പാശ്ചാത്യ സംസ്കാരവും : ക്ലാസിക്കല്‍ ഗ്രീസ് (Classical Greece – 480-323 BCE)

നവോഥാന പാശ്ചാത്യ സംസ്കാരത്തിന്റെ മാതൃ സംസ്കൃതി എന്നത് ക്ലാസിക്കല്‍ ഗ്രീക്ക്‌ സംസ്കാരമാണ്. തത്വചിന്ത, വാസ്തുകല, ഗണിതം, ജ്യോതിശാസ്ത്രം, സാഹിത്യം, എന്നിവയില്‍ ക്ലാസിക്കല്‍ ഗ്രീക്ക് സംസ്കാരത്തിന്റെ പങ്ക് പരമ പ്രധാനമാണ്.
പ്രമുഖ തത്വചിന്തകരായിരുന്ന പ്ലാറ്റോ, അരിസ്റ്റോട്ടില്‍, സോക്രട്ടീസ് എന്നിവര്‍ ജീവിച്ചിരുന്നത് ഇക്കാലഘട്ടത്തിലാണ്. പ്രാചീന ഗ്രീക്ക് തത്വചിന്തയും, കലാ/വാസ്തുശില്പ സങ്കേതങ്ങളും, രാഷ്ട്രീയമീംമാംസയുമാണ് നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം നവോഥാനകാലത്ത്‌ പുനരുജ്ജീവിപ്പിച്ച് ലോകസംസ്കാരത്തിന്റെ തന്നെ ഗതി മാറ്റിയത്‌. നവോഥാനകാലത്ത്‌ പ്രസിദ്ധമായ ക്ലാസിക്കല്‍ വാസ്തുവിദ്യക്ക് ആ പേര് വന്നത്, അത് ക്ലാസിക്കല്‍ ഗ്രീസിലെ വാസ്തുകല പുനര്‍ജനിച്ചതാകുന്നു എന്നതുകൊണ്ടാണ്.

ബിസി അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഉണ്ടായ പേര്‍ഷ്യന്‍ അധിനിവേശകാലഘട്ടമാണ്
പുരാതന കാലഘട്ടത്തില്‍ (Archaic Period) നിന്നും ക്ലാസിക്കല്‍ ഗ്രീസിലെക്കുള്ള പരിണാമഘട്ടമായി കണക്കാക്കുന്നത്. ഇതില്‍ തന്നെ രണ്ടാം പേര്‍ഷ്യന്‍ അധിനിവേശം,രക്തരൂക്ഷിതമായ യുദ്ധങ്ങള്‍ക്ക് കാരണമായി. അതി ബൃഹത്തായ പേര്‍ഷ്യന്‍ സേനക്കെതിരെ ആതന്‍സ്‌, സ്പാര്‍ട്ട എന്നീ രാജ്യങ്ങള്‍ നേതൃത്വം നല്‍കുന്ന ചേരികള്‍ സംയുക്തമായി പടനയിക്കുകയുണ്ടായി. സ്പാര്‍ട്ടന്‍ രാജാവായിരുന്ന ലിയോനാര്‍ഡസ് ഒന്നാമന്റെ (Leonadas 1)നേതൃത്വത്തില്‍ നടന്ന തെര്‍മോപൈലാ യുദ്ധം (Battle of Thermopylae )പോലുള്ള ഐതിഹാസിക പോരാട്ടങ്ങളില്‍ ഗ്രീക്കുകാര്‍ പൊരുതിതോറ്റു എങ്കിലും, അന്തിമ വിജയം ഗ്രീക്കുകാര്‍ക്കായിരുന്നു. പേര്‍ഷ്യയുടെ പിന്‍വാങ്ങലിനു ശേഷം സ്പാര്‍ട്ടയുടെ നേതൃത്വത്തില്‍ പെലോപൊനീഷ്യന്‍ ലീഗ്(Peloponesian Legue) എന്നും ആതന്‍സിന്‍റെ നേതൃത്വത്തില്‍ ഡലിയന്‍ ലീഗ്(Dalian League) എന്നും അറിയപ്പെട്ട ശാക്തിക ചേരികള്‍ രൂപപ്പെടുകയും അവര്‍ തമ്മില്‍ യുദ്ധം ആരംഭിക്കുകയും ചെയ്തു. 27വര്‍ഷക്കാലം നീണ്ടു നിന്ന സ്പാര്‍ട്ട നേതൃത്വം നല്‍കിയ പെലോപൊനീഷ്യന്‍ ലീഗിന്റെ വിജയത്തില്‍ കലാശിച്ചതുമായ ആ യുദ്ധം പെലോപൊനീഷ്യന്‍ (Peloponesian War-431-404 ) യുദ്ധം എന്നറിയപ്പെടുന്നു.
യുദ്ധവിജയത്തിനു ശേഷം ഗ്രീസിലെമ്പാടും സ്പാര്‍ട്ടയുടെ മേല്‍കോയ്മ നിലവില്‍ വന്നു.
371 BCE യില്‍ ല്യുക്ട്ര യുദ്ധത്തില്‍ (Battle of Leuctra) സ്പാര്‍ട്ട പരാജയപ്പെടുകയും അതിന്റെ സൈനിക ശക്ത ഗണ്യമായി കുറയുകയും ചെയ്തു. യുദ്ധതന്ത്രങ്ങളിലെ പുതുമകൊണ്ടും
കാര്യക്ഷമതകൊണ്ടും ഈ യുദ്ധം ഗ്രീക്ക് ചരിത്രത്തില്‍ നിര്‍ണ്ണായകമായിരുന്നു. പില്‍ക്കാലത്ത്‌ മാസിഡോണിയന്‍ രാജാവായ ഫിലിപ്‌ തന്റെ പടയോട്ടത്തില്‍ മാതൃകയാക്കിയത് അതെ യുദ്ധതന്ത്രങ്ങള്‍ തന്നെയായിരുന്നു. പത്ത്‌ വര്‍ഷത്തിനു ശേഷം തീബ്സുമായി ഉണ്ടായ യുദ്ധപരാജയത്തോടെ സ്പാര്‍ട്ടന്‍ മേല്‍കോയ്മ തീബ്സിനു വഴിമാറുകയായിരുന്നു. അതെ സമയം ഓരോ നഗര രാഷ്ട്രങ്ങളും പരസ്പരം മേല്‍ക്കോയ്മക്ക് വേണ്ടി പൊരുതിക്കോണ്ടിരുന്നു. ഗ്രീസ് പലവിധ ഏറ്റുമുട്ടലുകളാല്‍ മുഖരിതമായി. അധികം വൈകാതെ ഫിലിപ്‌ രണ്ടാമന്‍(Phillip II of Macedonia) വടക്കന്‍ പ്രദേശത്തെ ചെറു രാജ്യമായിരുന്ന മാസിഡോണിയയുടെ രാജാവായി അധികാരമേറ്റു. വടക്കന്‍ ഈജിയന്‍ പ്രദേശം മുഴുവന്‍ കീഴടക്കിക്കൊണ്ട് അദ്ദേഹം തന്റെ പടയോട്ടം ആരംഭിച്ചു. ഓരോ ഗ്രീക്ക് നഗരരാഷ്ട്രങ്ങളും ഫിലിപ്പിന് മുന്നില്‍ കീഴടങ്ങി. വൈകാതെ തന്നെ മെയിന്‍ലാന്‍ഡ്‌ ഗ്രീസും, സ്പാര്‍ട്ട ഒഴികെയുള്ള പേനെപോലെസ്‌ പ്രദേശവും അദ്ദേഹം കീഴടക്കുകയോ, സാമന്തരാജ്യമാക്കുകയോ ചെയ്തു. സ്പാര്‍ട്ട അക്കാലഘട്ടത്തില്‍ സൈനികമായി നന്നേ ക്ഷയിച്ചിരുന്നുവെങ്കിലും, ഒരുകാലത്ത്‌ ഗ്രീസിനെ പേര്‍ഷ്യയില്‍ നിന്നും സംരക്ഷിക്കാന്‍ സ്പാര്‍ട്ട നടത്തിയ ഐതിഹാസിക പോരാട്ടങ്ങള്‍ നിമിത്തം സ്പാര്‍ട്ടയോടുണ്ടായിരുന്ന ആദരവാണ് ഫിലിപ്‌ രാജാവ് സ്പാര്ട്ടയെ ആക്രമിക്കാതിരിക്കാനുള്ള ഒരു കാരണമായി പറയപ്പെടുന്നത്. ഗ്രീസ് മുഴുവന്‍ കീഴടക്കിയ ഫിലിപ്പ്‌, പിന്നീട് അനറ്റോളിയന്‍ പ്രദേശങ്ങള്‍ വരെ നീണ്ടുകിടന്ന പേര്‍ഷ്യന്‍ സാമ്രാജ്യത്തിലേക്ക് പടയൊരുക്കം നടത്തുന്നതിനിടെ വധിക്കപ്പെടുകയാണ് ഉണ്ടായത്‌. ശേഷം അധികാരമേട്ടെടുത്ത പുത്രന്‍ അലക്സാണ്ടര്‍ (Alexander the Great) പിതാവിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു. പേര്‍ഷ്യയും അതിനപ്പുറം ഈജിപ്തും ബാക്ക്ട്രിയയും കീഴടക്കിക്കൊണ്ട് ഇന്ത്യവരെ ഗ്രീക്ക് സാമ്രാജ്യത്തെ വിപുലപ്പെടുത്തി.
ബിസി അഞ്ചാം നൂറ്റാണ്ടു മുതല്‍ നാലാം നൂറ്റാണ്ടിന്റെ അവസാനം അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ മരണത്തോടെ ഗ്രീക്ക് ക്ലാസിക്കല്‍ യുഗം അവസാനിക്കുന്നു.

(Credit: വി ഫോർ വെൻഡെറ്റ ,ചരിത്രാന്വേഷികൾ)

Share on Google Plus

About admin

0 comments:

Post a Comment