ഹോർത്തൂസ്‌ മലബാറിക്കസ്‌ : Horthus malabaricus

ഡച്ചുകാര്‍ കേരളത്തിനെന്നല്ല ലോകത്തിന് നല്കിയ മഹത്തായ സംഭാവനയാണ്, ' ഹോര്‍ത്തൂസ് മലബാറിക്കൂസ് ' (മലബാറിലെ സസ്യസമ്പത്ത്) എന്ന ബൃഹത്തും മഹത്തുമായ ഗ്രന്ഥം. ഇന്നും അത്ഭുതത്തോടേയും, ജിജ്ഞാസയോടും കൂടി മാത്രമേ ഈ ഗ്രന്ഥത്തെ കാണാനാകൂ. 1678-നും 1703-നും ഇടയ്ക്ക് പന്ത്രണ്ട് വാല്യങ്ങളിലായി ആസ്റ്റര്‍ഡാമില്‍ നിന്നും പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലാണ് മലയാളലിപി ആദ്യമായി അച്ചടിയില്‍ പതിഞ്ഞതെന്ന് കരുതുന്നു. 780 സസ്യങ്ങളെക്കുറിച്ച് ലത്തിന്‍ ഭാഷയിലുള്ള വിവരണങ്ങളും 781 ചിത്രങ്ങളും ഉള്ള ഈ പുസ്തകത്തില്‍ പന്ത്രണ്ട് വാല്യങ്ങളിലായി മൊത്തം 1616 പേജുകളുണ്ടെന്ന് കണക്കാക്കുന്നു. മലയാളം, കൊങ്കിണി, പോര്‍ട്ടുഗീസ്, ഡച്ച് ഭാഷകളില്‍ ചെടികളുടെ പേര് നല്കിയിട്ടുണ്ട്. മലയാളം പേര് റോമന്‍ ലിപിയിലാണ് കൊടുത്തിരിക്കുന്നത്. ഫോളിയെ സൈസി (സാധാരണപേജിന്റെ ഇരട്ടി വലിപ്പം)ലുള്ള ഇതിലെ പേജുകളില്‍ ചിത്രങ്ങള്‍ വലുതാണ്. ' ഹോര്‍ത്തൂസ് മലബാറിക്കൂസ് ' ഇംഗ്ലീഷ്, മലയാളം എന്നിവ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ തര്‍ജമകളുണ്ട്.എന്നാല്‍ ആദ്യപതിപ്പിന്റെ ഏതാനും കോപ്പികളേ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളൂ. ഇതില്‍ ഒന്ന് തിരുവനന്തപുരം നഗരത്തിലെ കുര്യാത്തി വാര്‍ഡില്‍പ്പെട്ട 'അവിട്ടം തിരുനാള്‍ ഗ്രന്ഥശാല'യിലുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അകാലത്തില്‍ മരിച്ചുപോയ രാജകുമാരന്റെ പേരാണ് ' അവിട്ടം തിരുനാള്‍ '. രാജഭരണകാലത്ത് ആ പേരില്‍ ആരംഭിച്ച ലൈബ്രറിക്ക് രാജകൊട്ടാരം ആണ് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' സംഭാവന ചെയ്തത്. ഇത് സംരക്ഷിയ്ക്കാന്‍ മലയാളത്തിലെ പ്രമുഖ പത്രമായ 'മാതൃഭൂമി' ലൈബ്രറിയ്ക്ക് സഹായം നല്കി. അച്ചടിയുടെ ആദ്യരൂപം ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം കാണാന്‍ ധാരാളം വിജ്ഞാനപ്രേമികള്‍ ഇന്നും ഈ ലൈബ്രറി സന്ദര്‍ശിക്കുന്നു.
കൊച്ചിയിലെ ഡച്ച് കമാണ്ടര്‍ ആയിരുന്ന (1673-77) ഹെന്‍ഡ്രിക്ക് ആന്‍ഡ്രിയാന്‍ വാന്‍റീഡ് ആണ് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' നിര്‍മ്മാണത്തിന് നേതൃത്വം നല്കിയത്. നെതര്‍ലണ്ടില്‍ 1636-ല്‍ , ഡ്രാക്കന്‍സ്റ്റീന്‍ പ്രഭുവായിരുന്ന ഏണസ്റ്റ് വാന്‍റീഡിന്റേയും എലിസബത്ത് ഉത്തേനേവിന്റേയും മകനായി ജനിച്ച വാന്‍റീഡ് ഇരുപതാം വയസില്‍ ആണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ചേര്‍ന്നത്. ഒരു സാധാരണ ഭടനായി കൊച്ചിയില്‍ എത്തിയ വാന്‍റീഡ് പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെ നടന്ന നീക്കത്തിലാണ് ശ്രദ്ധേയനായത്. ഇതേത്തുടര്‍ന്ന് അദ്ദേഹം ക്യാപ്റ്റന്‍ റാങ്കിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. സിലോണ്‍ (ശ്രീലങ്ക) ക്യാപ്റ്റന്‍ , അവിടത്തേയും ഇന്ത്യയിലേയും സൈനികമേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വാന്‍റീഡ് പിന്നീട് മലബാര്‍ കമാന്‍ഡര്‍ ആയി. ആ സമയത്താണ് ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്തത്.
വാന്‍റീഡിനോടൊപ്പം പോര്‍ട്ടുഗീസുകാരില്‍ നിന്നും കൊച്ചി പിടിയ്ക്കാന്‍ എത്തിയ മറ്റൊരു വ്യക്തിയായിരുന്നു ഡച്ച് ക്യാപ്റ്റന്‍ ജോണ്‍ ന്യൂഹാഫ്; 1661 മുതല്‍ 66 വരെ കൊല്ലത്തും തൂത്തുക്കുടിയിലും സേവനം അനുഷ്ഠിച്ചിട്ടുള്ള ന്യൂഹാഫ്, ദക്ഷിണ കേരളത്തില്‍ ഡച്ച് മേധാവിത്വം ഉറപ്പിയ്ക്കാന്‍ ഓടിനടക്കുന്നതിനിടയില്‍ ഇവിടത്തെ ഔഷധസസ്യങ്ങളെപ്പറ്റിയും ജീവികളെപ്പറ്റിയും പഠനം നടത്തിയത് രേഖപ്പെടുത്താന്‍ സമയം കണ്ടെത്തിയിരുന്നു. കറുവാമരത്തില്‍ നിന്നും കര്‍പ്പൂരം (Camphor) ഉണ്ടാക്കുന്ന വിധവും, ഇഞ്ചിയ്ക്ക് സാദൃശ്യമുള്ള കച്ചോലം കയറ്റി അയയ്ക്കുന്നതും കുടകപ്പാലയില്‍ നിന്നും ഔഷധം ഉണ്ടാക്കുന്ന വിധവുമെല്ലാം ന്യൂഹാഫ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ലഭ്യമായ എല്ലാ മരുന്നുചെടികളുടേയും ഔഷധഗുണം മാത്രമല്ല അവ ഏതെല്ലാം രോഗത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് ഒരു വൈദ്യനെപ്പോലെ ന്യൂഹാഫ് വിവരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷമാണ് വാന്‍റീഡ് ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥ രചനയ്ക്ക് നേതൃത്വം കൊടുത്തത്. ഇതില്‍നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ അനുമാനിയ്ക്കാം.
ഔഷധവിജ്ഞാനത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും സമഗ്രവിവരങ്ങള്‍ നല്കുന്ന താളിയോല ഗ്രന്ഥങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. ഇതേപ്പറ്റി വിവരണം നല്കാന്‍ കഴിയുന്ന പണ്ഡിതന്മാരും അന്ന് ജീവിച്ചിരുന്നു. ഔഷധചെടികളില്‍ നിന്നും ഉണ്ടാക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചാണ് അന്ന് വൈദ്യന്മാര്‍ രോഗികളെ ശുശ്രൂഷിച്ചിരുന്നത്. ഇങ്ങനെയുള്ള വൈദ്യന്മാരില്‍ നിന്നായിരിയ്ക്കാം ന്യൂഹാഫ് ആദ്യമായി വിവരങ്ങള്‍ ശേഖരിച്ചത്.
വാന്‍റീഡ് കൊച്ചിയിലെ കമാണ്ടര്‍ ആയി എത്തുന്ന സമയത്ത് യൂറോപ്പില്‍ മരുന്നുകള്‍ക്കു വേണ്ടിയുള്ള ഗവേഷണം ശക്തിപ്പെട്ടുകഴിഞ്ഞിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല, കോളനികളിലും മരുന്നിന്റെ ആവശ്യം കൂടുതലായി. ഇന്ത്യയില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും അറബികള്‍ ശേഖരിച്ച് യൂറോപ്പില്‍ വിറ്റിരുന്ന മരുന്നുകള്‍ കൃത്യസമയത്ത് കിട്ടാതെയായി. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കിഴക്കന്‍ തലസ്ഥാനമായ ബറ്റേവിയയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം സിലോണില്‍ മരുന്നുകള്‍ക്കുള്ള അന്വേഷണവും തുടങ്ങിയിരുന്നു. ഇതെല്ലാം ആയിരിയ്ക്കാം കേരളത്തിലെ സസ്യശാസ്ത്രത്തെ സംബന്ധിച്ച ഒരു ബൃഹത്ത് ഗ്രന്ഥം നിര്‍മ്മിക്കാന്‍ വാന്‍റീഡിനെ പ്രേരിപ്പിച്ചത്. വിദഗ്ദ്ധന്മാരുടെ സഹായത്തോടെ ഇത്തരം ഒരു പുസ്തകം നിര്‍മ്മിച്ചാല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് വന്‍ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതിക്കാണും. എന്നാല്‍ വാന്‍റീഡ് ഉദ്ദേശിച്ച വിധത്തിലല്ല കാര്യങ്ങള്‍ നീങ്ങിയത്. മേലധികാരികളില്‍ നിന്നും പ്രതീക്ഷ സഹായം കിട്ടിയില്ലെന്ന് മാത്രമല്ല പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പക്ഷെ നിശ്ചയദാര്‍ഢ്യത്തോടെ വാന്‍റീഡ് മുന്നോട്ടുപോയി. കൊച്ചിയിലെ അദ്ദേഹത്തിന്റെ വീട് മരുന്നുകളുടെ ഗവേഷണശാലയാക്കി. അവിടെ ഒരു കെമിസ്റ്റിനെ നിയമിച്ചു. ഇറ്റലിക്കാരനായ ഫാദര്‍ മാത്യു എന്ന കാര്‍മ്മലീത്ത വൈദികനെയാണ് ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമിച്ചത്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ജോഹാന്‍സ് കസേറിയസ് എന്ന പണ്ഡിതപുരോഹിതനെ നിയമിച്ചു. ഈ രംഗത്തെ വിദഗ്ദ്ധന്മാരെ ഉപയോഗിച്ച് സസ്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുകയായിരുന്നു ആദ്യ നടപടി. ചെടികളെപ്പറ്റി വിവരങ്ങള്‍ ശേഖരിയ്ക്കാനും അവയുടെ ചിത്രങ്ങള്‍ വരയ്ക്കാനും പിന്നീട് ഏര്‍പ്പാടുകള്‍ ഉണ്ടാക്കി. കാട്ടിലും നാട്ടിലുമായി ചെടികളും മരങ്ങളും അന്വേഷിച്ചുനടന്ന വിദഗ്ദ്ധ സംഘത്തോടൊപ്പം അവയുടെ ചിത്രം വരയ്ക്കാന്‍ ഉണ്ടായിരുന്ന പെയിന്റര്‍മാരില്‍ പലരും വാന്‍റീഡിന്റെ കീഴില്‍ സൈന്യത്തിലുള്ളവരാണെന്ന് കരുതുന്നു. ചെമ്പ് തകിടില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കൊത്തി എടുത്തത് നെതര്‍ലണ്ട് കൊത്തുപണിക്കാരായിരുന്നു. പുസ്തകനിര്‍മ്മാണത്തിന് ഒരു വിദഗ്ദ്ധസംഘത്തെ നിയമിച്ചിരിക്കുന്നുവെന്നാണ് മനസ്സിലാകുന്നതെങ്കിലും അവരുടെ പേരുകള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ല.
ഇമ്മാനുവല്‍ കാര്‍ണ്ണിറോ എന്ന പോര്‍ട്ടുഗീസുകാരനായിരുന്നു മലയാളത്തില്‍ വൈദ്യന്മാര്‍ എഴുതിയ വിവരണങ്ങള്‍ പോര്‍ട്ടുഗീസ് ഭാഷയിലേക്ക് മാറ്റിയത്. പോര്‍ട്ടുഗീസ് ഭാഷയില്‍ നിന്നും ഡച്ചുഭാഷയിലേയ്ക്ക് കമ്പനിയുടെ തര്‍ജമക്കാരെ ഉപയോഗിച്ചാണ് നടത്തിയതെന്ന് കരുതുന്നു. ലാറ്റിന്‍ ഭാഷയിലേയ്ക്ക് ഭാഷാന്തരം ചെയ്തത് ഡച്ചു വൈദികനായ കസേറിയസ് (Caseareus) ആണ്. തദ്ദേശീയ പണ്ഡിതന്മാരില്‍ പ്രമുഖര്‍ ഗൗഡസാരസ്വത ബ്രാഹ്മണരായ രംഗഭട്ട്, വിനായകഭട്ട്, അപ്പുഭട്ട് എന്നിവരും ചേര്‍ത്തലയിലെ കൊല്ലാട്ട് ഇട്ടി അച്ചുതന്‍ എന്ന ഈഴവ വൈദ്യനുമായിരുന്നു. ഇവരുടെ സാക്ഷിപത്രങ്ങള്‍ പുസ്തകത്തിലുണ്ട്. ഇട്ടി അച്ചുതന്‍ സ്വന്തം കൈപ്പടയില്‍ മലയാളത്തിലാണ് സാക്ഷ്യപത്രവും രേഖപ്പെടുത്തിയിട്ടുള്ളത്. ഇട്ടി അച്ചുതന്‍ മാത്രമാണ് വൈദ്യന്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍നിന്ന് അക്കാലത്ത് ജീവിച്ചിരുന്ന പ്രഗല്ഭനും പ്രശസ്തനുമായ വൈദ്യനായിരുന്നു ഇട്ടി അച്ചുതന്‍ എന്ന് മനസിലാക്കാം.
വാന്‍റീഡിന്റെ നേതൃത്വത്തില്‍ പുസ്തകനിര്‍മാണത്തിനുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരുന്നുവെങ്കിലും മേല്‍ ഉദ്യോഗസ്ഥന്മാര്‍ അത് ഗൗരവമായി എടുത്തില്ല. മലബാറില്‍ നിന്നുള്ള കുരുമുളക് സംഭരണം കുറഞ്ഞതിന്റെ പേരില്‍ വാന്‍റീഡിനെതിരെ കുറ്റപ്പെടുത്തല്‍ ഉണ്ടായി. "ഹോര്‍ത്തൂസ് മലബാറിക്കൂസ് " പൂര്‍ത്തിയാക്കാനുള്ള മോഹത്തോടെ, മറ്റൊരു സ്ഥലത്തേയ്ക്കു സ്ഥലംമാറ്റത്തിന് അദ്ദേഹം അപേക്ഷിച്ചു. ഇട്ടി അച്ചുതന്‍പുസ്തകത്തിന്റെ വിവരശേഖരണം ഏതാണ്ട് പൂര്‍ത്തിയായിരുന്നതിനാല്‍ കൊച്ചി വിടുന്നതിന് അദ്ദേഹത്തിന് മടിയില്ലായിരുന്നു. വാന്‍റീഡിന്റെ അപേക്ഷ മാനിച്ച് അദ്ദേഹത്തെ കമാണ്ടര്‍ സ്ഥാനത്തുനിന്നും കമ്പനി നീക്കി. 1677 മേയ് 13-ന് ബറ്റേവിയയിലെത്തി. പുസ്തകത്തിനുവേണ്ടിയുള്ള കൈയ്യെഴുത്തുപ്രതികളും അദ്ദേഹം കൊണ്ടുപോയി. കമ്പനി മേധാവിയായി അവിടെ പ്രവര്‍ത്തിച്ചശേഷം 1678-ല്‍ ആംസ്റ്റര്‍ഡാമിലെത്തി ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. 1678-ല്‍ ഒന്നാം വാല്യവും, 79-ല്‍ രണ്ടാം വാല്യവും പ്രസിദ്ധീകരിച്ചു. പതിനൊന്നാം വാല്യം 1692-ലും, പന്ത്രണ്ടാം വാല്യം 1693-ലും പ്രസിദ്ധീകരിക്കുമ്പോള്‍ അത് കാണാനുള്ള ഭാഗ്യം വാന്‍റീഡിന് ഇല്ലായിരുന്നു. 1684-ല്‍ വാന്‍റീഡിനെ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏഷ്യയിലെ കമ്മിഷണര്‍ ജനറല്‍ ആയി നിയമിച്ചു. 1691-ല്‍ കൊച്ചിയിലെത്തിയ അദ്ദേഹത്തിന് അസുഖം ബാധിച്ചു. പിന്നീട് സുറത്തിലേക്ക് കപ്പല്‍മാര്‍ഗം യാത്രയായ വാന്‍റീഡ് 1691 ഡിസംബര്‍ 15ന് കപ്പലില്‍ വച്ചുതന്നെ അന്തരിച്ചു. സൂറത്തിലെ ഡച്ച് സെമിത്തേരിയില്‍ ആണ് അദ്ദേഹത്തെ സംസ്കരിച്ചത്

Share on Google Plus

About admin

6 comments:

  1. ''മലബാറില്‍ നിന്നുള്ള കുരുമുളക് സംഭരണം കുറഞ്ഞതിന്റെ പേരില്‍ വാന്‍റീഡിനെതിരെ കുറ്റപ്പെടുത്തല്‍ ഉണ്ടായി''
    കുരുമുളക് പറിച്ചത് കുറഞ്ഞുപോയതിനും ട്രാന്‍സ്ഫര്‍!!! ഇവരുടെയൊക്കെ ഒരു കാര്യം.

    ReplyDelete
  2. ഞാന്‍ ചില topics തരാം. ഞാനോ എഴുതുന്നില്ല, എഴുതുന്നവരെങ്കിലും എഴുതട്ടെ.
    1. അറ്റ്‌ലാന്റിസ് എന്ന നഷ്ടനഗരം.
    2. കേരളത്തിലെ യക്ഷി സങ്കല്‍പ്പം
    3. ലോഗന്‍റെ മലബാര്‍ മാനുവല്‍
    4. ആത്മാവ്, പുനര്‍ജന്മം

    ReplyDelete
  3. Logane pati kettitila. Bakki elam ok !

    ReplyDelete
    Replies
    1. ലോഗനെ പറ്റി കേട്ടിട്ടില്ല എന്ന് പറഞ്ഞാല്‍ ഒറ്റകുത്ത് വച്ചുതരും. മറന്നുകിടന്ന ലോഗനെ എന്‍റെ ഓര്‍മയിലേക്ക് കൊണ്ടുവന്നത് 'May 4 : Tippu Sulthan Martyr day : ടിപ്പുസുല്‍ത്താന് (Malayalam Article)' എന്ന പോസ്റ്റിലെ മാനുവലിനെ പറ്റിയുള്ള പരാമര്‍ശമാണ്.
      ''അതുകൊണ്ടുതന്നെ ചരിത്രരചയിതാക്കള്‍ മൂലരേഖകളുടെ അഭാവത്തില്‍ ഇംഗ്ലീഷുകാര്‍ പക്ഷപാതപരമായി എഴുതിയ മാന്വലും ഗസറ്റിയറും അപ്പാടെ പകര്‍ത്തിയെഴുതിയാണ് ചരിത്രരചന നടത്തിയത്''

      Delete
    2. വേറെ ഒരു ടോപിക്:
      വെസൂവിയസ് നശിപ്പിച്ചു കളഞ്ഞ പോംപി.

      Old dilemmas ബ്ലോഗില്‍ ഞാന്‍ ഇട്ട കമെന്‍റ് കള്ളന്‍ കൊണ്ട് പോയി :-(

      Delete
  4. ഇതാ കുറച്ചു ലിങ്കുകള്‍:
    http://en.wikipedia.org/wiki/William_Logan_%28Malabar_Manual%29
    http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%82_%E0%B4%B2%E0%B5%8B%E0%B4%97%E0%B5%BB
    http://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B5%E0%B5%BD
    http://timesofindia.indiatimes.com/city/kozhikode/Study-reveals-truth-behind-Malabar-Manual/articleshow/38500601.cms

    ReplyDelete