Chandrettan evideya : Malayalam 2015 Movie of Dileep ( ചന്ദ്രേട്ടൻ എവിടെയാ : ഒരു നല്ല കുടുംബ ചിത്രം)

ദിലീപിനെ നായകനാക്കി സന്തോഷ്‌ ഏച്ചിക്കാനം തിരക്കഥയെഴുതി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് 'ചന്ദ്രേട്ടൻ എവിടെയാ'. ദിലീപ് നായകനായി വന്ന മുൻപത്തെ പല ചിത്രങ്ങളും അസഹനീയമായതിനാൽ സിനിമ കാണാൻ കൂടെ വരാൻ സുഹൃത്തുക്കൾ ആദ്യമൊന്നു മടിച്ചു. കഥയുടെ ഏകദേശരൂപം മുൻപേ അറിയുന്നതിനാലും, ട്രെയിലറും ഗാനവും നന്നായതിനാലും സിനിമ മോശമാകില്ല എന്നെനിക്കുറപ്പായിരുന്നു. സിദ്ധാർഥ് ഭരതൻ ഈ കഥ എങ്ങനെ അവതരിപ്പിക്കുമെന്നറിയാൻ എനിക്ക് വല്ലാത്ത കൗതുകമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രം നിദ്രയിൽ നിന്നും തികച്ചും വ്യത്യസ്തമാണല്ലോ ചന്ദ്രേട്ടൻ എവിടെയാ ? സോഷ്യൽ മീഡിയ വഴി സിനിമയുടെ നല്ല അഭിപ്രായങ്ങൾ കേട്ടറിഞ്ഞ് രാത്രിയായപ്പോഴേക്കും കുടുംബപ്രേക്ഷകർ തീയേറ്ററിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. ഇല്ല, ദിലീപേട്ടന് ജനപ്രിയനായകൻ എന്ന പദവി ജനങ്ങൾ സ്നേഹപൂർവ്വം നല്കിയതാണ്. അതങ്ങനെ പെട്ടെന്നൊന്നും ആർക്കും സ്വന്തമാക്കാൻ സാധിക്കില്ല. അത് ദിലീപേട്ടന് മാത്രം സ്വന്തം. ഇനി കഥയിലേക്ക്‌...
.
ചന്ദ്രമോഹൻ (ദിലീപ്) തിരുവനന്തപുരത്തെ സർക്കാർ ഉദ്യോഗസ്ഥനാണ്. തൃശ്ശൂരിലാണ് ഭാര്യ സുഷമയും (അനുശ്രീ) മകനുമുള്ളത്. അയാളുടെ അളിയനും (ചെമ്പൻ വിനോദ്) ഭാര്യയും അവരുടെ കൂടെ തൃശ്ശൂരിലെ വീട്ടിൽ തന്നെയാണ് കഴിയുന്നത്‌. തിരുവനന്തപുരത്തേക്ക് ഭാര്യയെ സ്ഥലം മാറ്റാൻ കുറേയായി അവൾ പറയുന്നു. കലയോട്, പ്രത്യേകിച്ച് നൃത്തതിനോട് വലിയ കമ്പമാണ് ചന്ദ്രമോഹന്. മേലധികാരിയെ സോപ്പിട്ട് ഓഫീസിലെ പണി മാറ്റിവെച്ചാണ് അയാൾ ഭരതനാട്യ വേദികളിൽ പോയി അത് കണ്ടു ആസ്വദിക്കുകയും മാസികകളിൽ അതിനെക്കുറിച്ച്‌ എഴുതുകയുമൊക്കെ ചെയ്യുന്നത്. മാത്രമല്ല അയാൾ സുഹൃത്തുക്കളുമൊത്ത് കൂട്ട് കൂടിയും അവരുടെ കൂടെ മദ്യപിച്ചും കുറെയൊക്കെ അയാളുടെ തന്നിഷ്ടപ്രകാരമാണ് ജീവിതം നയിക്കുന്നത്. എന്നാൽ അകന്നു കഴിയുമ്പോഴും ഭാര്യയുടെ സ്നേഹപ്രകടനങ്ങളും, വേണ്ടതിനും വേണ്ടാത്തതിനുമായ ഫോണ്‍ വിളികളും തന്നെ അയാളെ വീർപ്പ് മുട്ടിക്കുന്നുണ്ട്. ഒരിക്കൽ അയാൾ കുടുംബവുമൊത്ത് തഞ്ചാവൂരിൽ യാത്ര പോകാൻ ഇടവാവുകയും അവിടെവെച്ചൊരു നാഡീജ്യോത്സനെ കണ്ടുമുട്ടാനും ഇടയാകുന്നു. കുടുംബാംഗങ്ങളുടെ നിർബന്ധപ്രകാരം അയാളത് നോക്കുന്നു. അത് പ്രകാരം അയാളുടെ പൂർവ്വജന്മത്തിൽ, അതായത് 1000 വർഷങ്ങൾ മുൻപ് കൊട്ടാരം നർത്തകിയായ വസന്തമല്ലികയുമായി അയാൾ കടുത്ത പ്രണയത്തിലാവുകയും യുദ്ധഭൂമിയിൽ ആന ചവിട്ടി കൊന്നത് മൂലം അവർക്ക് ആ ജന്മത്തിൽ ഒന്നിക്കാൻ കഴിയാതെ പോകുന്നു. പക്ഷെ ഈ ജന്മത്തിൽ അവൾ തീർച്ചയായും ചന്ദ്രമോഹനെ തേടിവരിക തന്നെ ചെയ്യുമെന്നും അതിൽ പറയുന്നു. ഒരിക്കൽ ചന്ദ്രമോഹനെ തേടി ഗീതാഞ്ജലി (നമിതാ പ്രമോദ്) എന്ന നർത്തകി വരുന്നതോടെ അയാളുടെ ജീവിതം തന്നെ മാറിമറിയുകയായി. അയാൾ അവളെ വസന്തമല്ലികയായാണ് കാണുന്നത്. പിന്നീട് അയാളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളെ നർമ്മത്തിൽ ചാലിച്ച് രസകരമായാണ് അവതരിപ്പിച്ചിട്ടുള്ളത്.
.
എല്ലാ പുരുഷന്മാരിലും ഒരു ചന്ദ്രേട്ടനും, സ്ത്രീകളിൽ ഒരു സുഷമയും ഒളിഞ്ഞ് കിടപ്പുണ്ട്. അതിനാൽ തന്നെ വിവാഹിതർക്ക് ഒരുപക്ഷേ ഈ ചിത്രം കൂടുതൽ ആസ്വദിക്കാൻ സാധിച്ചേക്കും. ആസ്വാദനശൈലിയിലുള്ള മലയാളികളുടെ മാറ്റത്തെ തിരിച്ചറിഞ്ഞ് ഉഗ്രൻ തിരിച്ചുവരവാണ് ദിലീപ് നടത്തിയിരിക്കുന്നത് ഈ ചിത്രത്തിലൂടെ. വിനോദയാത്രയ്ക്ക് ശേഷം ഏറ്റവും രസകരമായി തോന്നിയത് ഈ ദിലീപ് ചിത്രമാണ് എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം. പൊട്ടിച്ചിരിപ്പിക്കാൻ വേണ്ടി സ്കിറ്റുകൾ ഇല്ല, പഴത്തൊലി ചവിട്ടി വീഴുന്നത് പോലുള്ള രംഗങ്ങളും ഇതിൽ കാണാൻ സാധിക്കില്ല. എന്നാൽ ആവശ്യത്തിന് ചിരിക്കാനും ചിന്തിക്കാനും ഈ ചിത്രം അവസരം നൽകുന്നുണ്ട്. രണ്ടാം പകുതിയിലെ രണ്ട് മൂന്ന് സീൻ ഒരൽപ്പം മുഷിപ്പിക്കുന്നു എന്നല്ലാതെ വലിയ പോരായ്മകളൊന്നും തോന്നിയില്ല.
.
പ്രകടനത്തിന്റെ കാര്യത്തിൽ ഏറ്റവും എടുത്തു പറയേണ്ടത് അനുശ്രീയെ കുറിച്ചാണ്. വളരെ സുന്ദരിയായിരിക്കുന്നു. ഒപ്പം മികച്ച പ്രകടനവും കാഴ്ച വെച്ചിട്ടുണ്ട്. KPAC ലളിത, മുകേഷ്, സുരാജ്, ചെമ്പൻ വിനോദ്, വിനായകൻ, സുമേഷ് ആയി വേഷമിട്ട വ്യക്തി, കൊച്ചു പ്രേമൻ തുടങ്ങി വലിയ താരനിരയുണ്ട് ചിത്രത്തിൽ. മുഴുനീള വേഷമല്ലെങ്കിലും എല്ലാവരും അവരുടെ വേഷങ്ങൾ നന്നാക്കിയിട്ടുണ്ട്. കുറച്ചു നാളുകൾക്ക് ശേഷം ലഭിച്ച കുടുംബചിത്രമാണ് ചന്ദ്രേട്ടൻ എവിടെയാ.സിദ്ധാർഥ് ഭരതനും സന്തോഷ്‌ ഏച്ചിക്കാനവും ഇതിന്റെ നിർമ്മാതാക്കളെ കൊടീശ്വരന്മാരാക്കും എന്നതിൽ സംശയമില്ല. എല്ലാവരും കാണുക, ആസ്വദിക്കുക
Credits: Adorafx(3rdeye reviews)

Share on Google Plus

About admin

1 comments: