മയ്യഴിയിലെ വിപ്ലവകാരി : The story of an unknown keralite Communist

അറിയാത്തവർ അറിയട്ടെ.........?
മയ്യഴിയിലെ വിപ്ലവകാരിയെ .....?

കേരളത്തിലെ കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശമായ 17-‍ാം നൂറ്റാണ്ടില്‍ ഫ്രഞ്ചു അധീനപ്രദേശമായിരുന്ന മയ്യഴി(മഹി)യിലെ ഹരിജൻ പ്രസ്ഥാനത്തിലെ പ്രവർത്തിച്ചിരുന്ന വിപ്ലവകാരി.....? ജര്‍മനിയില്‍ ഹിറ്റ്ലറുടെ നേതൃത്വത്തില്‍ രൂപംകൊണ്ട നാസിപ്രസ്ഥാനത്തിനെതിരെ പൊരുതി രക്തസാക്ഷിത്വം വരിച്ച.....? ഒരുപക്ഷെ കമ്യുണിസ്റ്റ് ചരിത്ര ഏടുകളില്‍ കൃത്യമായി രേഖപ്പെടുത്താന്‍ മറന്നുപോയ...? മുരുകൻ കട്ടാകടയുടെ രക്തസാക്ഷി എന്ന കവിതയിലുള്ള വരികള്‍ പോലെ.....? "അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി - കുലം വിട്ടു പോയ....?" "മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ ഒരു -രക്തതാരകമായ ...?" രക്തസാക്ഷി മിച്ചിലോട്ട് മാധവൻ എന്ന വിപ്ലവകാരിയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍.

1914 ജുലൈ 7 ന് മയ്യഴിയിലെ മിച്ചിലോട്ട് കുടുംബത്തിൽ മാധവന്‍റെയും പെരുന്തോടി മാതുവിന്‍റെയും മൂന്നാമത്തെ മകനായി ജനിച്ച മിച്ചിലോട്ട് മാധവൻ എക്കോൽ Centrale et Cours Complémentaire എന്ന മയ്യഴിയിലെ ഫ്രഞ്ച് സ്കൂളിൽ വിദ്യാർത്ഥിയായിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കേ തന്നെ സാഹസികമായ പ്രതിരോധങ്ങൾ മാധവന്‍റെ ശീലമായിരുന്നു .മയ്യഴിയിൽ നിന്നും ഉപരിപഠനത്തിനായി ആദ്യം പോണ്ടിച്ചേരിയിലേക്കും (പുതുച്ചേരി) തുടർന്ന് ഫ്രാൻസിലേക്കും പോയി. പോണ്ടിച്ചേരിയിൽ വിദ്യാർത്ഥിയായിരിക്കെ ഹരിജൻ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന മാധവൻ പാരീസിൽ എത്തിയപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയും സൊർബോൻ സർവ്വകലാശാലയിലും വിദ്യാർത്ഥിയായിരിക്കുന്ന കാലത്ത് സർവ്വകലാശാലയിലും പുറത്തും സജീവമായ രാഷ്ട്രീയ പ്രവർത്തകനായിരുന്നു .

രണ്ടാം ലോകമഹായുദ്ധകാലത്ത് പാരീസിൽ വിദ്യാർത്ഥിയായിരുന്ന മാധവൻ ഫ്രാൻസിലെ നാസിവിരുദ്ധപ്രതിരോധത്തിൽ സജീവമായി പങ്കെടുത്തിരുന്നു. നാസി ആക്രമണത്തെ അക്രമം കൊണ്ട് നേരിടുക എന്ന നയത്തിന്‍റെ ഭാഗമായി നടത്തിയ ഒരു ബോംബ് സ്ഫോടനത്തിൽ പങ്കാളിയായിരുന്നു എന്നതിന്‍റെ പേരിലാണ് മാധവൻ അറസ്റ്റു് ചെയ്യപ്പെട്ടത്. രണ്ട് നാസികൾ കൊല്ലപ്പെടുകയും പത്തൊമ്പതു് പേർക്ക് പരിക്കു പറ്റുകയും ചെയ്ത ഒരു ബോംബ്സ്ഫോടനം പാരീസിലെ സിനിമാ തിയ്യേറ്ററിൽ നടന്നു. ഇതിന്‍റെ പേരിലായിരുന്നു അറസ്റ്റു്.

1942 ജുലൈ 24 നാണു് അറസ്റ്റു് ചെയ്യപ്പെട്ട മാധവൻ പാരീസിലെ റൊമേൻവില്‍ കോട്ടയിലെ തടങ്കൻ പാളയത്തിൽ എത്തിയതെന്ന് ജയിൽ രേഖയിൽ പറയുന്നു. നാസിരേഖകളിൽ എച്ച്.എൽ.122 എച്ച് എന്ന് രഹസ്യപ്പേരുള്ള തടവറയാണിത്. 1942 സപ്തംബർ 21 ന് ജയിലിൽ നിന്നു പുറത്തുകൊണ്ടു പോയതായും രേഖപ്പെടുത്തിയിട്ടുണ്ട്. പുറത്തുകൊണ്ടുപോയ മാധവനെയും സഹതടവുകാരെയും പാരീസിന്‍റെ പടിഞ്ഞാറുഭാഗത്തെ വലേറിയൻ കുന്നിൻ ചെരിവിലേക്കാണ് കൊണ്ടുപോയത്. അവിടെവെച്ച് എല്ലാവരേയും വധിക്കുകയായിരുന്നു.

മിച്ചിലോട്ട് മാധവന്‍റെ രക്തസാക്ഷിത്വം വളരെ വൈകിയാണ് നാട്ടിലും വീട്ടിലും അറിഞ്ഞത്. ലോകമഹായുദ്ധകാലത്ത് ആശയവിനിമയബന്ധം പ്രയാസകരമായതിനാലും ഫ്രാൻസിൽ നാസിതടവറകളിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അറിയാൻ സാദ്ധ്യമല്ല എന്നതിനാലും മാധവൻ ജീവിച്ചിരിപ്പുണ്ടാകും എന്നാണ് കുടുംബാംഗങ്ങൾ കരുതിയിരുന്നത്. മാധവനോടൊപ്പം തടവറയിൽ ഉണ്ടായിരുന്ന പി.എസ്. ഷമോഫിന്‍റെ കുറിപ്പ് ആധാരമാക്കി, പിൽക്കാലത്ത് ഗ്രന്ഥകാരനും പത്രപ്രവര്‍ത്തകനുമായ സി.എച്ച്.ഗംഗാധരന്‍ രചിച്ച മയ്യഴി എന്ന പുസ്തകത്തിലുടെയാണ് മിച്ചിലോട്ടിന്‍റെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള വിവരങ്ങൾ ലോകമറിയുന്നത്.

"അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റി-
കുലം വിട്ടു പോയവന്‍ രക്തസാക്ഷി........
മരണത്തിലൂടെ ജനിച്ചവന്‍ സ്മരണയില്‍ ഒരു -
രക്തതാരകം രക്തസാക്ഷി.....
മെഴുതിരി നാളമായ് വെട്ടം പൊലിപ്പിച്ചു -
ഇരുള്‍ വഴിയില്‍ ഊര്‍ജ്ജമായ് രക്തസാക്ഷി....
പ്രണയവും പൂക്കളും ശബളമോഹങ്ങളും -
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും.......
നേരിന്നു വേണ്ടി നിതാന്തം ഒരാദര്‍ശ -
വേരിന്നു വെള്ളവും വളവുമായൂറിയോന്‍...."
രക്തസാക്ഷി മിച്ചിലോട്ട് മാധവൻ എന്ന വിപ്ലവകാരിയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചു കൊണ്ട്

Share on Google Plus

About admin

0 comments:

Post a Comment